ആർ എസ് പി പിളർപ്പിലേക്ക്, ഒരു വിഭാഗം എൽ ഡി എഫിലെത്തും, അവധിയെടുത്ത് ഷിബു ബേബി ജോൺ
ചികിത്സക്ക്
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആര് എസ് പിയില്‍ കടുത്ത ഭിന്നത. തുടര്‍ച്ചയായി രണ്ടാംവട്ടവും ചവറയില്‍ തോറ്റ ഷിബുബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. ഇന്നലെ യു ഡി എഫ് യോഗത്തിലും ഷിബു ബേബിജോണ്‍ പങ്കെടുത്തിരുന്നില്ല. ആര് എസ് പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നാണ് പഴയ ആര് എസ് പി (ബി) നേതാക്കളുടെ വികാരം.പാര്‍ട്ടിയിലും മുന്നണിയിലും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം ഷിബുവിനുണ്ട്. ആയുര്‍വേദ ചികിത്സയ്ക്കായി ഏതാനും മാസങ്ങള്‍ സജീവപ്രവര്ത്തനത്തിനില്ലെന്നാണ് ഷിബു ബേബിജോണ്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അതൃപ്തി എത്രത്തോളമുണ്ട് എന്നത് വ്യക്തമാക്കുന്നു. ഷിബു ബേബിജോണ്‍ ഉടന്‍ മുന്നണി വിടുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഭാവിയില്‍ അത്തരമൊരു നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനുമാകില്ലെന്നാണ് നേതാക്കൾ അടക്കം പറയുന്നത്.ആര് എസ് പിയുടെ കോട്ടയെന്നവകാശപ്പെടുന്ന ചവറയില്‍ സാക്ഷാല്‍ വി പി രാമകൃഷ്ണപിള്ളയെ മലര്‍ത്തിയടിച്ചാണ് 2001ല്‍ ഷിബു ബേബിജോണ്‍ ആദ്യമായി നിയസഭയിലെത്തിയത്. രണ്ടാം മത്സരത്തിന് ഇറങ്ങിയപ്പോള്‍ എന്‍ കെ.പ്രേമചന്ദ്രനോട് തോറ്റു. 2011ല്‍ പ്രേമചന്ദ്രനെ വീഴ്ത്തി വീണ്ടും നിയമസഭയിലെത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായി.2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ആര് എസ് പി ഇടതുമുന്നണി വിട്ട് യു ഡി എഫിലെത്തി. എന്നാല്‍ ഇരു ആര് എസ് പികളും ലയിച്ച നടന്ന രണ്ടു നിയമസഭാതിരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും കിട്ടിയില്ല. ചവറയിലെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഷിബു ബേബിജോണിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയെന്നാണ് അനുയായികൾ പറയുന്നത്.