റോഡിലെ പരിശോധന ഒഴിവാക്കാന്‍ കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് സമയത്ത് ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് പരാതി
കോഴിക്കോട്:കൊടകര കളളപ്പണ കേസിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കൂടുതല്‍ പരാതികള്‍. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഹെലികോപ്റ്റര്‍ മാര്‍ഗം പണം കടത്തി എന്ന് ആള് ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്കി. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റ് ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്തുടനീളം കളള പണ്ണം ഒഴുക്കിയിരുന്നതായാണ് ആള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നത്. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം വിതരണത്തിന് കെ. സുരേന്ദ്രന് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നും പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കള്‍ വഴി പണം എത്തിയോ എന്ന് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. പണമിടപാട് സംബന്ധിച്ചുള്ള ശോഭാ സുരേന്ദ്രന്റെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ”മാഷുടെ കൈയില്‍ കുറച്ച് പണം വന്നിട്ടുണ്ട്. അതില്‍ നിന്നും എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിതരണം” -എന്നാണ് പുറത്തുവന്ന ആ ശബ്ദസന്ദേശത്തില്‍ ശോഭാ സുരേന്ദ്രന് പറയുന്നത്. ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ തന്നെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണ കേസുമായി ഇതിന് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് പറഞ്ഞു.