നാലുപേര്‍ മരിച്ച അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും മാരകായുധങ്ങളും, മരിച്ച ഒരാളും പരുക്കേറ്റ ഒരാളും കാപ്പ കേസിലെ പ്രതികള്‍
ഹരിപ്പാട്: ദേശിയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയ്ക്കു സമീപം നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി. മരിച്ചവരിൽ ഒരാളും പരുക്കേറ്റവരിൽ ഒരാളും കാപ്പ കേസിലെ പ്രതികളാണ്.
പുലർച്ചെ മൂന്ന് മണിയോടെ നങ്ങ്യാർകുളങ്ങര ജങ്ങ്ഷന് തെക്ക് കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കായംകുളത്ത് നിന്നും ആലപ്പുഴക്ക് പോകുകയായിരുന്നു കാർ യാത്രികർ. ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവും. ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കായംകുളം കുറ്റിത്തെരുവ് പുള്ളിക്കണക്ക് സ്വദേശികളായ ആയിഷ ഫാത്തിമ (25) മകൻ ബിലാൽ (5), റിയാസ് (27) കാർ ഓടിച്ചിരുന്ന കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത് . അൻഷാദ് (27) ഭാര്യ അജ്മി (23) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.