ഗുണ്ടാത്തലവന്റെ മൃതദേഹം വഴിയരികിൽ, ശരീരത്താകമാനം വെട്ടേറ്റ നിലയിൽ
തിരുവനന്തപുരം: ചിറയിന്‍കീഴിനടുത്ത് മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ചു. നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാസംഘത്തലവനുമായ അജിത്താണ്(25) കൊല്ലപ്പെട്ടത്. ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മുടപുരം– കോളിച്ചിറ– മഞ്ചാടിമൂട് പ്രധാന പാതയിൽ തെങ്ങുംവിള ഏലായോടു ചേർന്ന സിമിന്റ് കട്ട നിർമാണശാലയ്ക്കടുത്താണ് മൃതദേഹം കണ്ടത്.ഗുണ്ടാസംഘാംഗങ്ങള്‍ തമ്മിലുള്ള ആക്രമണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ശരീരത്താകമാനം വെട്ടേറ്റതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
പിന്നീട് വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ചിറയിന്‍കീഴിന് സമീപം അരയത്തുരുത്ത് സ്വദേശി അജിത്താണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.