കൊടകര കുഴല്‍പ്പണ കേസ് മുറുകുന്നു: അന്വേഷണ സംഘത്തിനു മുന്നില്‍ പ്രതിയുടെ അമ്മ സ്വര്‍ണം ഹാജരാക്കി
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസിലെ പ്രതി മാര്‍ട്ടിന്റെ അമ്മ അന്വേഷണ സംഘത്തിനു മുന്നില്‍ സ്വര്‍ണം ഹാജരാക്കി. കവര്‍ച്ചാ പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണ് ഹാജരാക്കിയത്. അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന 13.76 പവന് സ്വര്‍ണമാണ് പ്രതിയുടെ അമ്മ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയത്.
പ്രതികള്‍ക്ക് വലിയ തോതിലുള്ള പ്രതിഫലം ലഭിച്ചു എന്ന കാര്യം പോലീസ് കണ്ടെത്തിയിരുന്നു. ഒരു പ്രതിക്ക് 10 ലക്ഷം മുതല്‍ 25 ലക്ഷംവരെ പ്രതിഫലം ലഭിച്ചതായാണ് പോലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. കൂടാതെ, പ്രതികള്‍ പലരും കാറും സ്വര്‍ണവും ഉള്‍പ്പെടെയുള്ളവ വാങ്ങിയതിന്റെ രേഖകളും പോലീസിന് ലഭിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായി വീട്ടുകാരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതി മാര്‍ട്ടിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സ്വര്‍ണം ഹാജരാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം. ഗണേഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ആഢംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍ എന്നാണ് പോലീസിന് ലഭിച്ച വിവരം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പ്രതികള്‍ താമസിച്ചതിന്റെ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ പണം കണ്ടെത്താനുണ്ടെന്നും പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രതികളുടെ വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്.
അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ജയിലില്‍ കോവിഡ് ബാധിച്ചതിനാല്‍ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബി.ജെ.പി. കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇതിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.