ന്യൂനപക്ഷ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീല്‍ നല്‍കുമെന്ന് മുസ്ലിം ലീഗ്
മലപ്പുറം:ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസിലാകാതെ വന്ന അസാധാരണ വിധിയാണ് ഹൈക്കോടതിയുടേതെന്നാണ് മുസ്ലിം ലീഗ് ദേശീയസെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. അതേസമയം, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശിപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു. മുസ്ലിം വിഭാഗത്തിനുള്ള പദ്ധതിയില്‍ മറ്റു വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയ യു.ഡി.എഫ് നടപടിയാണ് വിവാദത്തിലേക്ക് നയിച്ചതെന്നു പാലോളി മുഹമ്മദ് കുട്ടി കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ്ലിംകള്‍ക്കു തന്നെ നല്‍കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും ആവശ്യപ്പെട്ടു.