മുല്ലപ്പള്ളി രാജി അറിയിച്ചു, കെപിസിസി ആസ്ഥാനത്ത് നാടകീയസംഭവങ്ങള്‍; കെ.സുധാകരന് വേണ്ടി ബാനറുമായി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: കെ.സുധാകരന് വേണ്ടി ബാനറുമായി കെ.പി.സി.സി.ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കെ.സുധാകരനെ തിരിച്ചുവിളിക്കൂവെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം ശ്രദ്ധയില്‍ പെട്ട സുധാകരന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റി.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കെ.സുധാകരന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ സുരേന്ദ്രന് ഇടപെട്ടത്. അദ്ദേഹവും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കെ.പി.സി.സി.അധ്യക്ഷ സ്ഥാനത്തേക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അതിനിടയില്‍ ഇപ്രകാരം പ്രതിഷേധമുയര്‍ത്തിയാല്‍ അത് കെ.സുധാകരനെ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞാണ് സ്റ്റാഫ് അംഗങ്ങള്‍ ഇവരെ പിന്തിരിപ്പിച്ചത്. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്ത് വാഗ്വാദമുണ്ടായി. പിന്നീട് പ്രവര്‍ത്തകര്‍ കാറില്‍ കയറി മടങ്ങുകയായിരുന്നു.
പ്രവര്‍ത്തകരോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തതയില്ലാത്ത മറുപടിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗമായ സുരേന്ദ്രന് പറഞ്ഞു.
ഇന്ന് കെ.പി.സി.സി.ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനായി നേതാക്കള്‍ എത്തിത്തുടങ്ങുന്നതിനിടയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കില്ല. തിരഞ്ഞെടുപ്പ് തോല്വിയുള്പ്പടെയുളള വിഷയങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനം രാജിവെക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കും. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. രാജി അറിയിച്ചതിനാല്‍ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ വലിയ വിമർശനമായിരുന്നു മുല്ലപ്പള്ളിക്കെതിരേ പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നത്. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചത്.
തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമർശനങ്ങൾ മുഴുവൻ. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നതിന് സമാനമായി കെ.പി.സി.സി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ, പി.ടി. തോമസ് എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കമുള്ളത്. എന്നാൽ, സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത് പോലെ മുതിർന്ന നേതാക്കളെ കേൾക്കാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകളുള്ളത്.