സൗന്ദര്യമില്ലാത്തിന്റെ പേരില്‍ തന്നെ ഉപേക്ഷിക്കുമോയെന്ന് സംശയം; യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
പുതുച്ചേരി: തന്നെക്കാൾ സൗന്ദര്യമുള്ള ഭാര്യയെ സംശയത്തിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തി. സൗന്ദര്യമില്ലാത്തിന്റെ പേരില്‍ തന്നെ ഉപേക്ഷിക്കുമോയെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പുതുച്ചേരി മേട്ടുപാളയത്താണു സംഭവം.
പ്രദേശത്തെ പാല് വില്പനക്കാരനാണ് ബാബുരാജ്. ഭാര്യ രതികലയ്ക്കും രണ്ടു പിഞ്ചുമക്കള്ക്കുമൊപ്പമായിരുന്നു താമസം.
ഇയാള്‍ക്കു ഭാര്യയെ അടിമുടി സംശയമായിരുന്നു. തന്നെക്കാള്‍ സൗന്ദര്യമുള്ള ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അതുകൊണ്ടുതന്നെ ഭാര്യ മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും സംബന്ധിച്ചു വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു.
അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണു രതികല പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു. ഇതിനെ കുറിച്ചുള്ള സംസാരം വഴക്കായി. തര്‍ക്കം ഒടുവില്‍ ആക്രമണത്തിലെത്തി. ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തി. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ അറസ്റ്റ് ചെയ്തു.