കൊടകര കുഴല്‍പ്പണക്കേസ്: ഇന്ന് പോലീസിൽ ഹാജരായ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് കാസർകോട് ചട്ടഞ്ചാൽ സ്വദേശി
കാസർകോട് :ബിജെപി യെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിനായി എത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല. രാവിലെ പത്തുമണിയോടെയാണ് ഗണേഷ് ഹാജരായി.
ഇതോടെ കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്ക് കൂടി കടന്നിരിക്കുകയാണ്. പ്രതികളടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് കടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കേസുമായി ബന്ധമില്ലെന്നു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന നേതാക്കളെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്.
ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനേയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഹാജരാകില്ലെന്നാണ് മാതൃഭൂമി പുറത്തു വിട്ട വിവരം. തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികള്‍ താമസിച്ചത്. പ്രതികളുടെ പക്കല്‍ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്.
അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തി. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ജയിലില്‍ കോവിഡ് ബാധിച്ചതിനാല്‍ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബി.ജെ.പി. കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇതിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകുന്ന ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ കാസർകോട് ചട്ടഞ്ചാലിന് സമീപം മുണ്ടോൾ സ്വദേശിയാണ്. ചട്ടഞ്ചാൽ
ഹൈസ്ക്കുളിലെ പഠനനത്തിന് ശേഷം ഉന്നത ബിരുദം നേടി. സംസ്ഥാനത്തെ ബിജെപി യെയും ആർ എസ് എസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഗണേഷ്. സംസ്ഥാനത്തെ ആർ എസ് എസിന്റെ ആത്മീയകാര്യ നേതാവ് കൂടിയാണ് ഈ സംഘ പ്രചാരകൻ. ആർ എസ് എസിന്റെ നാഗ്പൂർ ആസ്ഥാനവുമായി ഹോട്ട് ലൈൻ ബന്ധമുള്ള ഈ കാസർകോട്ടുകാരൻ ഗണേഷ് അറിയാതെ സംഘടനക്കുള്ളിൽ ഒരിലപോലും അനങ്ങില്ലെന്നാണ് ബിജെപി യിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ. അതു കൊണ്ടുതന്നെ ഇതിനകം കുപ്രസിദ്ധമായ കുഴൽപ്പണ കേസിൽ
സൂക്ഷ്മമായി നിരീക്ഷിച്ചാ ണ് പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും അന്വേഷണം നീക്കുന്നതും.