അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും രാത്രി വരെ സേവനം തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍; വീട്ടില്‍ മടങ്ങി എത്തിയത് 15 ഓളം രോഗികളെ ആശുപത്രിയില്‍ എത്തിച്ച ശേഷം
മധുര:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്ന നിരവധി പേരുടെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല സാധാരണക്കാരും ഉണ്ട്. അമ്മ മരിച്ചെന്ന് അറിഞ്ഞിട്ടും രോഗികളെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള പ്രഭത് യാദവ് എന്ന ആംബുലന്‍സ് ഡ്രൈവറാണ് തന്റെ അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞിട്ടും കര്‍മ്മമേഖലയില്‍ നില കൊണ്ടത്.
മധുരയിലെ കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണ് പ്രഭത് അമ്മയുടെ മരണ വാര്‍ത്ത അറിയുന്നത്. തന്റെ സേവനം ഇപ്പോള്‍ ഏറെ ആവശ്യമാണെന്ന് മനസിലാക്കിയ പ്രഭത് എന്നാല്‍ ജോലിയില്‍ തന്നെ തുടരുകയായിരുന്നു. രാത്രി വരെ ജോലി ചെയ്ത പ്രഭത് 15 ഓളം രോഗികളെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് 200 കിലോ മീറ്റര്‍ അകലെയുള്ള മണിപൂരി ഗ്രാമത്തിലേക്ക് അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി പോയത്. പിറ്റേ ദിവസം തന്നെ അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
”വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി, പക്ഷെ സങ്കടം ഉള്ളില്‍ ഒതുക്കി മുന്നോട്ട് പോകേണ്ടത് ആവശ്യമായിരുന്നു. ഞാന്‍ അപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം പാതിവഴിയില്‍ ഉപേക്ഷിക്കാവുന്നതല്ല. ഞങ്ങളെപ്പോലുള്ളവരുടെ സേവനം ഏറെ നിര്‍ണായകമാണ്. എന്റെ അമ്മ പോയി, കുറച്ച് ആളുകളെ എനിക്ക് എനിക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും എന്റെ അമ്മ അതില്‍ അഭിമാനിക്കും” ടൈംസ് ഓഫ് ഇന്ത്യയോട് പ്രഭത് വ്യക്തമാക്കി.
”അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുറച്ച് ദിവസം വീട്ടില്‍ നില്ക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല. ചടങ്ങുകള്‍ക്ക് ശേഷം ഉടന്‍ ജോലിയില്‍ തിരിച്ചെത്തി. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു വാഹനങ്ങളുടെ ലഭ്യത കുറവ് കണക്കിലെടുത്ത് പ്രഭതിന് യാത്രാ സൗകര്യം ഒരുക്കിയിരുന്നു. ടീമിലെ ഏറെ ആത്മാര്‍ത്ഥതയുള്ള ഡ്രൈവറാണ് പ്രഭത് ” മഥുരയിലെ 102, 108 ആംബുലന്‍സുകളുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജയ് സിംഗ് പറഞ്ഞു.