നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; വെല്ലുവിളിച്ച് രാംദേവ്
അലോപ്പതി വിരുദ്ധ പ്രസ്താവനയിൽ പരസ്യ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് യോഗ ഗുരു പറഞ്ഞു.
”അവർ തഗ് രാംദേവ്, മഹാതഗ് രാംദേവ് തുടങ്ങിയ ട്രൻഡുകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവർ അത് ചെയ്യട്ടെ. നമ്മുടെ ആളുകൾ അത്തരം പ്രവണതകളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. അത്തരം ട്രൻഡുകൾ എപ്പോഴും തെളിഞ്ഞു നിൽക്കും” രാംദേവ് വീഡിയോയിൽ പറയുന്നു.
രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള #Arrest Ramdev ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. ഇതിനിടയിലാണ് പ്രചരണങ്ങൾക്ക് മറുപടിയുമായി രാംദേവ് എത്തിയത്.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഐ.എം.എ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ വിവാദ പരാമർശം രേഖാമൂലം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 1000 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വാക്സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുന്ന രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.