വാക്സിൻ ക്ഷാമത്തിന് പരിഹാരമാകും ; ഫൈസറും മോഡേണയും ഇന്ത്യയിലേക്ക്
ന്യൂഡൽഹി : സ്പുട്നിക്കിനു പിന്നാലെ അമേരിക്കൻ വാക്സിനുകളായ ഫൈസറും മോഡേണായും ഇന്ത്യയിലേക്ക്. ഫൈസർ ഈ വർഷം തന്നെ ഇന്ത്യയിൽ എത്തിക്കും. അഞ്ചുകോടി ഡോസ് വാക്സിൻ നൽകാമെന്ന നിർദേശമാണ് ഫൈസർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്.
മോഡേണ അടുത്ത വർഷമേ ഉണ്ടാകൂ. മോഡേണ ഇന്ത്യയിൽ എത്തിക്കുക മരുന്നുകമ്പനിയായ സിപ്ലയായിരിക്കും. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽനിന്നു വാക്സിനുകൾ എത്തിക്കുന്നത്. ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് നേരത്തേ കേന്ദ്രം അനുമതി നൽകിയിരുന്നില്ല.
ഇന്ത്യയുമായുള്ള കരാറിന് അന്തിമാനുമതി ലഭിച്ചാൽ ഇന്ത്യയിൽ വീണ്ടും പരീക്ഷണം നടത്തുന്നതടക്കമുള്ള നിബന്ധനകൾ ഒഴിവാക്കണമെന്ന് ഫൈസർ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് വാക്സിൻ എത്തുക. വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് നേരിട്ടുനൽകില്ലെന്ന് അമേരിക്കൻ കമ്പനികൾ അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്രം ഇടപെടുന്നത്.