കുഴല്‍പ്പണം:ബിജെപി ബന്ധം സമ്മതിച്ച് മൊഴി ; 19.5 ലക്ഷത്തിന്റെ പണവും രേഖകളുംകൂടി കണ്ടെത്തി
തൃശൂര്‍/ ആലപ്പുഴ
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കുഴല്‍പ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയില്‍ നേതാക്കള്‍തന്നെ കവര്‍ന്ന കേസില്‍ ബന്ധം സമ്മതിച്ച് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക് നല്കിയ മൂന്നരക്കോടി രൂപ കര്‍ത്തയ്ക്ക് കൈമാറാനായിരുന്നു നിര്‍ദേശമെന്ന് കുഴല്‍പ്പണകടത്തുകാരനായ ധര്‍മരാജിന്റെ മൊഴിയാണ് കര്‍ത്തയെ കുടുക്കിയത്. ബുധനാഴ്ച ചോദ്യംചെയ്യലില്‍ ധര്‍മരാജനുമായി സംസാരിച്ച കാര്യം കര്‍ത്ത ആദ്യം നിഷേധിച്ചു. കേസിലുള്‍പ്പെട്ടവരുമായി ഫോണില്‍ സംസാരിച്ചതിന് വ്യക്തമായ മറുപടി നല്‍കാനായില്ല. പൊലീസ് തെളിവുകള്‍ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും.
അതിനുശേഷം വീണ്ടും കര്‍ത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ കേസില്‍ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍നിന്ന് ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും കണ്ടെത്തി. കവര്‍ച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണവും മാര്ട്ടിന് വാങ്ങിയതായി കണ്ടെത്തി. നാല് ലക്ഷം ബാങ്കില്‍ അടച്ചതുള്‍പ്പെടെ 19.5 ലക്ഷത്തിന്റെ പണവും രേഖകളുമാണ് കണ്ടെടുത്തത്. ഇതോടെ കേസില്‍ പ്രതികളില്‍നിന്ന്മാത്രം ഒന്നേകാല്‍ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ് വിലയിരുത്തല്‍.
പാര്‍ടി കാറില്‍ ?പ്രസിഡന്റിനൊപ്പമെത്തി കര്‍ത്ത
ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത അന്വേഷകസംഘത്തിന് മുന്നില്‍ ഹാജരായത് ജില്ലാ കമ്മിറ്റിയുടെ വാഹനത്തില്‍ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനൊപ്പം. ആലപ്പുഴ പൊലീസ് ക്ലബില്‍ ബുധനാഴ്ച രാവിലെ 9.45ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രണ്ടോടെയാണ് പൂര്‍ത്തിയായത്. നാലരമണിക്കൂറും ഗോപകുമാര്‍ പുറത്തുകാത്തുനിന്നു. കുഴല്‍പ്പണക്കേസുമായി ബന്ധമില്ലെന്ന് കര്‍ത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ സംസ്ഥാന പ്രസിഡന്റിനോടോ മറ്റ് നേതാക്കളോടോ ചോദിക്കണമെന്നും- കര്‍ത്ത പറഞ്ഞു.