കരിച്ചേരിക്കുന്നില് നടപ്പാത ബന്തടുക്ക റോഡരികില്‍ 125 സൗരോര്‍ജ വിളക്കുകള്‍ രാജപാതയായി പൊയിനാച്ചി -ബന്തടുക്ക റോഡ്
പൊയിനാച്ചി : കിഫ്ബി പദ്ധതിയില്‍ നവീകരണം അന്തിമഘട്ടത്തിലെത്തിയ പൊയിനാച്ചി-ബന്തടുക്ക-മാണിമൂല (തെക്കില്‍-ആലട്ടി) റോഡരികില്‍ 125 വഴിവിളക്കുകള്‍ വരുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി ഹൈമാസ്റ്റ് വിളക്കുകളാണ് 35 കിലോമീറ്റര്‍ റോഡില്‍ ഇനി പൊന്‍പ്രഭ ചൊരിയുക. പൊയിനാച്ചിയില്‍ കഴിഞ്ഞദിവസം വിളക്കുകള്‍ സ്ഥാപിച്ചുതുടങ്ങി.
ചെറുകവലകള്‍, വളവുകള്‍, അപകടസാധ്യതയുള്ള പ്രദേശങ്ങള്‍, ഒറ്റപ്പെട്ട ഇടങ്ങള്‍ എന്നിവിടങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. നേരത്തെ പ്രധാന കേന്ദ്രങ്ങളില്‍ പഞ്ചായത്ത്, എം.എല്‍.എ., എം.പി. ഫണ്ടുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് വിളക്കുകള്‍ക്ക് പുറമേയാണിത്.
റോഡില്‍ ദിശാവരകള്, സ്റ്റഡ്, റോഡരികില്‍ ദിശാസൂചന ബോര്‍ഡുകള്‍, അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍, മറ്റു ഗതാഗത സൂചനാ ബോര്‍ഡുകള്‍ എന്നിവ ബന്തടുക്ക റോഡില്‍ ഒരുമാസം മുന്‍പ് സ്ഥാപിച്ചിരുന്നു. വഴിവെളിച്ചം കൂടി ഒരുങ്ങുന്നതോടെ ഇതുവഴി യാത്ര കൂടുതല്‍ സുഗമമാകും.
ഇതിനിടെ രണ്ട് കുന്നുകള്‍ക്ക് നടുവില്‍ പുഴയും അരഞ്ഞാണം പോലെ പിണഞ്ഞുപോകുന്ന റോഡും സുന്ദര കാഴ്ച സമ്മാനിക്കുന്ന കരിച്ചേരിയുടെ വീഥി മോടിക്കൂട്ടുന്നതിനും തുടക്കമായി. കരിച്ചേരിക്കുന്നിന് യാത്രക്കാര്‍ പ്രകൃതിഭംഗി ആസ്വദിക്കുന്ന 500 മീറ്ററോളം ഭാഗത്താണ് കൊരുപ്പുകട്ടകള്‍ പാകി മനോഹരമാക്കുന്നത്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണിപ്പോള്‍. റോഡ് വികസന പദ്ധതിയില്‍ നേരത്തെ ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരുന്നു. പൊയിനാച്ചി-മാണിമൂല റോഡ് നവീകരിച്ച ശേഷം കരിച്ചേരി കുന്നിന്മുകളില് പുലര്‍ച്ചെയും സായാഹ്നങ്ങളിലും നിരവധി യാത്രക്കാര്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്നുണ്ട്. കര്‍ണാടകയിലെ സുള്ള്യ, മടിക്കേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുറഞ്ഞ ദൂരമുള്ള റോഡായി ഈ മാര്‍ഗം വളര്‍ന്നതോടെ ദീര്‍ഘദൂര യാത്രികര്‍ക്ക് വിശ്രമകേന്ദ്രമാവുകയാണിവിടം.
ബാവിക്കര റഗുലേറ്റര്‍ വന്നതിനുശേഷം ജലനിരപ്പ് ഉയര്‍ന്ന കരിച്ചേരിപ്പുഴയും മറുകരയിലെ കുന്നും പാടങ്ങളും ചെരിവുള്ള പ്രദേശവുമാണ് യാത്രകാര്‍ക്ക് ഇവിടെ മനസ്സിന് കുളിര്‍മ പകരുന്നത്. അടുത്തിടെ ഈ ഭാഗങ്ങള്‍ മാലിന്യം വലിച്ചെറിയുന്ന ഇടമായിരുന്നു. മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ഇതുവഴി പോയിരുന്നത്. സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ.