ദേലംപാടിയില്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് വേണം- സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ
പൊയിനാച്ചി : പ്രവൃത്തി ഉദ്ഘാടനം നടന്ന കുറ്റിക്കോല്‍ 110 കെ.വി. സബ്സ്റ്റേഷന്റെ നിര്‍മാണം ഉടന്‍ തുടങ്ങണമെന്നും ദേലംപാടിയില്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബേഡഡുക്ക വലിയപാറയില്‍ കഴിഞ്ഞവര്‍ഷമാണ് 110 കെ.വി. സബ്സ്റ്റേഷന് തറക്കല്ലിട്ടത്. റവന്യൂഭൂമി കെ.എസ്.ഇ.ബി.ക്ക് വിട്ടുനല്കുന്നതിലെ കാലതാമസമാണ് നിര്‍മാണം വൈകാന്‍ കാരണം.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്താണ് ദേലംപാടി. ഇവിടത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള മുള്ളേരിയ സെക്ഷന്‍ ഓഫീസിലാണ് ബന്ധപ്പെടേണ്ടിവരുന്നത്. റിസര്‍വ് വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ തുടര്‍ച്ചയായി വൈദ്യുതിതടസ്സം നേരിടുന്ന പ്രദേശം കൂടിയാണിത്.
വന്യമൃഗശല്യവും ഈ പഞ്ചായത്തിനെ ദുരിതത്തിലാക്കുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ സെക്ഷന്‍ ഓഫീസിന് നടപടി വേണമെന്ന് എം.എല്‍.എ. അഭ്യര്‍ഥിച്ചു.