സമൂഹ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുത്തേക്കും, ഐ ടി ചട്ടം നടപ്പാക്കുന്നതിൽ നിയമോപദേശം തേടി കേന്ദ്രം
ന്യൂഡൽഹി: സമൂഹ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുത്ത് തുടങ്ങാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. ഐ ടി ചട്ടം നടപ്പാക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. സന്ദേശവാഹകർ എന്ന സംരക്ഷണം ഇനി സമൂഹ മാദ്ധ്യമങ്ങൾക്ക് നൽകാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.സമൂഹ മാദ്ധ്യമ കമ്പനികൾക്കെതിരായ കേന്ദ്ര സർക്കാർ നടപടികളിൽ കോടതിയുടെ നിലപാട് നിർണായകമാകും. സ്വകാര്യതാ ലംഘനം ഉയർത്തിക്കാട്ടി വാട്ട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. അതേസമയം, കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനാൽ കമ്പനികൾ ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.പുതിയ ഉത്തരവ് അനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ടാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള കമ്പനികൾ ഒന്നും ഇതുവരെയും സർക്കാർ പറഞ്ഞതനുസരിച്ചുളള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല.