കാസര്‍കോട് ഓക്സിജന്‍ പ്ലാന്റ്: ടെണ്ടര്‍ നടപടികള്‍ വ്യാഴാഴ്ച അവസാനിക്കും, സിലിണ്ടര്‍ ചാലഞ്ച് ലഭിച്ചത് 287 സിലിണ്ടറുകള്‍
കാസർകോട്: പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്സിജന്‍ പ്ലാന്റിന്റെ ടെണ്ടര്‍ നടപടികള്‍ മെയ് 27ന് അവസാനിക്കും. ഇടെണ്ടര്‍ അവസാനിക്കുന്ന വ്യാഴാഴ്ച തന്നെ ടെണ്ടര്‍ തുറക്കും. ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് പദ്ധതി നടപ്പിലാക്കുക.
ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിയും 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കും. ജില്ലയിലെ മുഴുവന്‍ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.
ദിവസം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലില്‍ വരുന്നത്. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്.
ഇതോടൊപ്പം ജില്ലയില്‍ സ്വകാര്യ മേഖലയില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള സാധ്യതകളും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. കുമ്പള അനന്തപുരത്തെ വ്യവസായ കേന്ദ്രത്തില്‍ ദ്രവീകൃത ഓക്സിജന്‍ ഉല്പാദനത്തിനുള്ള പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യാറായ ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി.
കാസര്‍കോടിന് ആ’ശ്വാസ’മായി ഓക്സിജന്‍ സിലിണ്ടര്‍ ചാലഞ്ച്
ജില്ലയുടെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓക്സിജന്‍ സിലിണ്ടര്‍ ചാലഞ്ച് ഏറ്റെടുത്ത് ജില്ലയ്ക്കകത്തും പുറത്തുമുള്ള ജനങ്ങള്‍. വ്യക്തികള്‍ക്ക് പുറമേ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചാലഞ്ചില്‍ പങ്കാളികളാവുകയാണ്. 287 സിലിണ്ടറുകളാണ് ഇതുവരെയായി ലഭ്യമായത്. ഇതു കൂടാതെ മറ്റ് ജില്ലകളില്‍ നിന്നും 135 സിലിണ്ടറുകളും ജില്ലയിലെത്തിച്ചിട്ടുണ്ട്. ഇവ ഓക്സിജന്‍ നിറച്ച് ഉപയോഗിച്ചു തുടങ്ങി.
20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 388000 രൂപ സിലിണ്ടര്‍ ചാലഞ്ചിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് ഇതിനകം ധനസഹായമായി ലഭിച്ചു.
ഓക്സിജന്‍ സിലിണ്ടര്‍ ചാലഞ്ചിലേക്കായി ജില്ലയലെ സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുകയുടെ ചെക്ക് ജില്ലാ സെക്രട്ടറി കെ.ഭാര്‍ഗവിക്കുട്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ക്ക് കൈമാറി.