കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ വിമതപ്പട തലപൊക്കി ; നേതൃത്വം കെ.എം ഷാജിക്ക്നീക്കങ്ങൾ നിരീക്ഷിച്ച് ലീഗ് നേതൃത്വം
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗില്‍ വിമത യോഗം. പി എം ഹനീഫ് അക്കാദമിയുടെ പേരില്‍ നടന്ന യോഗത്തില്‍ കെ എം ഷാജി, പി എം സ്വാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനപിന്തുണ കുറഞ്ഞു വന്നിട്ടും തോല്‍വിയെക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച ഉണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
സംസ്ഥാന സെക്രട്ടറിമാരായ കെ എം ഷാജിക്കും പി എം സ്വാദിഖലിക്കും പുറമെ ടി.ടി ഇസ്മായില്‍ സമദ് പൂക്കാട്, അഷ്റഫ് കോക്കൂര്‍ തുടങ്ങി സംസ്ഥാന ജില്ലാ, മണ്ഡലം ഭാരവാഹികളായ 150 ഓളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. അന്തരിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് പി എം ഹനീഫ് അനുസ്മരണത്തിനാണ് യോഗം വിളിച്ചതെങ്കിലും ഉയര്‍ന്നത് പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള രൂക്ഷ വിമര്‍ശനമാണ്.
പാര്‍ട്ടിക്ക് രാഷ്ട്രീയം കൈമോശം വരികയും ജനാധിപത്യസ്വഭാവം നഷ്ടമാവുകയും ചെയ്തു. ഭരണഘടനാപരമല്ലാത്ത ഉന്നതാധികാര സമിതി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. പരാജയത്തിന്റെ കാരണം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന് യോഗത്തില്‍ വിഷയാവതരണം നടത്തിയ റഫീഖ് തിരുവള്ളൂര്‍ വിമര്‍ശിച്ചു.
പരാജയം സമ്മതിക്കുകയാണ് ആദ്യം വേണ്ടത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പാര്‍ട്ടിക്ക് രാഷ്ട്രീയം കൈമോശം വന്നു തുടങ്ങിയിട്ട്. രാഷ്ട്രീയമില്ലാതെ പുതിയ കാലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവില്ല. സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് മാത്രം പാര്‍ട്ടി വളര്‍ത്താനാകില്ല. പാര്‍ട്ടിയില്‍ ഒരു തീരുമാനമെടുക്കുന്നതിന് കൂട്ടായ ചര്‍ച്ച വേണം. വേണമെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കണം. പാര്‍ട്ടി ഭരണഘടന അതിന് അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു പ്രക്രിയ ഇപ്പോള്‍ ലീഗില്‍ നടക്കുന്നില്ല. പകരം ലീഗ് ഭരണഘടനയ്ക്ക് പുറത്തുള്ള ഉന്നതാധികാര സമിതി കൂടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. എന്താണ് ലീഗിന് വോട്ട് ചെയ്തിട്ട് കാര്യമെന്ന് അവര്‍ ചോദിച്ചു. കേഡര്‍ വോട്ടുകള്‍ പോലും ചോര്‍ന്നത് അതു കാരണമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല’.- റഫീഖ് തിരുവള്ളൂര്‍ വിമര്‍ശിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനായില്ല. നിയമസഭാംഗത്വം രാജിവെച്ച് ലോക്സഭയിലേക്ക്. പിന്നീട് അതും രാജിവെച്ച് നിയമസഭയിലേക്ക്. ഈ ചാഞ്ചാട്ടം കൊണ്ട് പാര്‍ട്ടിക്കും സമൂഹത്തിനും എന്താണ് ഗുണമെന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു. ഇതും തോല്‍വിക്ക് കാരണമായി.- റഫീഖ് വ്യക്തമാക്കി.
തുടര്‍ന്ന് പ്രസംഗിച്ച കെ എം ഷാജിയും പി എം സ്വാദിഖലിയും റഫീഖ് തിരുവള്ളൂരിന്റെ വിമര്‍ശനം ശരിവെച്ചു. യോഗം പാര്‍ട്ടിയിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിമത നീക്കത്തിന്റെ ആദ്യഘട്ടമാണെന്നാണ് സൂചന. നേതൃമാറ്റം ഉള്‍പ്പെടെ പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആവശ്യത്തിന് ശക്തി പകരുന്നതാണ് ഈ നീക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും പി കെ കുഞ്ഞാലിക്കുട്ടി വരുന്നുവെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കാനുള്ള എതിര്‍വിഭാഗത്തിന്റെ നീക്കം. പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമിതി ഉടന്‍ വിളിച്ചുചേര്‍ത്ത് തിരുത്തല്‍ നടപടികളിലേക്ക് പോകണമെന്നാണ് ഷാജി പക്ഷത്തിന്റെ ആവശ്യം.