കാസർകോട്;കാസർകോടിന് രണ്ടാമതൊരിക്കൽ കൂടി വേദിയാകാനുള്ള അസുലഭഭാഗ്യം ലഭിച്ച 60 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലാ ആസ്ഥാന നഗരിയെ സർക്കാർ അവഗണിച്ചതിനെതിരെ കാസർകോട്ട് പ്രതിഷേധം ഇരമ്പുന്നു.കാഞ്ഞങ്ങാട് കേന്ദ്രമാക്കി നടത്തുന്ന കലോത്സവത്തിന്റെ മധുരം നുകരാൻ നീലേശ്വരത്തിന് അവസരം അനുവദിച്ചപ്പോൾ സംസ്കാരങ്ങളുടെ സംഗമഭൂമിയായ കാസർകോടിനെ ഒറ്റപ്പെടുത്തി അവഗണിച്ചതിനെതിരെയാണ് അമർഷം ഉയർന്നത്.മലയാളത്തിലെ മഹാകവിയായ പി.യുടെ മണ്ണ് കുരുന്നു പ്രതിഭകളുടെ കലാപ്രകടനങ്ങളിൽ പുളകമണിയുമ്പോൾ കന്നഡ-മലയാള-തുളു ഭാഷാവൈവിധ്യങ്ങൾ ഇഴപിരിയാതെ നിൽക്കുന്ന കവി ടി.ഉബൈദിന്റെ നാടിനെ അവഗണിച്ചതിനെതിരെയാണ് പൊതുസമൂഹത്തിൽ വിമര്‍ശമുയരുന്നത്.കാഞ്ഞങ്ങാടിനെക്കാളും ഭൗതികസാഹചര്യങ്ങൾ ഏറെയുള്ള കാസർകോടിനെ ഇക്കാര്യത്തിൽ പിന്തള്ളിയത് ദുരൂഹമായി അവശേഷിക്കുന്ന സംഗതിയാണ്.ഇതിനെതിരെ ജില്ലാ ആസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം മൗനം അവലംബിക്കുമ്പോൾ ഇക്കാര്യം ഒരു സജീവതയാർന്ന ചർച്ചയാക്കി ഉയർത്തിക്കൊണ്ടുവരാനാണ് ഇനി ശ്രമിക്കേണ്ടത്.ഈദൗത്യം പ്രമുഖ ഓൺലൈൻ മാധ്യമമായ ബി.എൻ.സി.ഏറ്റെടുക്കുന്നു.കാസർകോട്ടും കുഞ്ഞുകളയുടെ കേളീരവം മുഴങ്ങണം ..ഒഴുകണം..
കാസർകോടിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന എൻ.എ.നെല്ലിക്കുന്ന് .
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന് കാസര്‍കോടിനെ ഒഴിവാക്കിയതിന് നടുക്കം ഇനിയും മാറിയിട്ടില്ല.ഈ നടപടി മാപ്പര്‍ഹിക്കാത്തതാണ്.
നീലേശ്വരവും കാഞ്ഞങ്ങാടും കാസർകോടും മഞ്ചേശ്വരവും ഉൾപ്പെട്ടതാണ് നമ്മുടെജീല്ല.കുട്ടമത്തും പി.യും ഉബൈദും ഗോവിന്ദപൈയും ഈ നാടിൻറെ സമ്പന്നമായ സംസ്കൃതിയുടെ കൊടിപ്പടം ഉയർത്തിപ്പിടിച്ചവരാണ്.അതുകൊണ്ടുതന്നെ ഏഷ്യയിലെ ഈ മഹാമേളയിൽ നിന്ന് കാസർകോടിനെ മാറ്റിനിർത്തരുത്.
നീലേശ്വരത്തിനു നൽകിയ സൗജന്യം സർക്കാരും സംഘാടക സമിതിയും കാസര്‍കോടിനും നൽകണം.ചില മത്സര വേദികൾ ഞങ്ങൾക്കും വേണം.യക്ഷഗാനവും ഒപ്പനയും മാപ്പിളപ്പാട്ടും മറ്റു ആകാവുന്നത്ര കലാമത്സരങ്ങളും കാസർകോടിന്റെ നഗരഹൃദയത്തിൽ ആടിത്തിമർക്കട്ടെ .ഇതിനു പുലിക്കുന്നിനെ തന്നെ വേദിയാക്കാം.കലാപ്രതിഭകളുടെയും അവർക്കു കൂട്ടുവരുന്ന രക്ഷിതാക്കൾക്കും മറ്റും…മറ്റും ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങൾ ഏറെയുണ്ട്.ഇത് ഭംഗിയാക്കി നിത്യവിസ്മയം തീർക്കാൻ കാസർകോട് നഗരത്തിനാകും.ഇതിനുവേണ്ടി ഞാൻ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടും.എം.എൽഎ പറഞ്ഞു.സ്കൂൾ മേളയുടെ വേദി കാസര്കോടക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകിയതും എം.എൽ.എ ഓർമിപ്പിച്ചു.