ഉപ്പുതൊട്ട് കർപ്പൂരം വരെ ബേപ്പൂരിൽനിന്ന്.. കേന്ദ്രത്തിന്റെ കടന്നുകയറ്റം ലക്ഷദ്വീപുകാര്ക്കൊപ്പം മലബാറിനും തിരിച്ചടിയാവും
കോഴിക്കോട് :രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ഒരു ദേശത്തെ ഇല്ലാതാക്കുമ്പോള്‍ അറ്റുപോവുക ലക്ഷദ്വീപും മലബാറുമായുള്ള പൊക്കിള്‍ക്കൊടിബന്ധവും. ദ്വീപ് ജനതയുടെ ജീവിതവും സവിശേഷമായ സംസ്കാരവും അത്രമേല്‍ മലബാറുമായി ഇഴുകിച്ചേര്‍ന്നതാണ്. പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളുമായി പതിറ്റാണ്ടുകള്‍ നീളുന്ന ബന്ധമാണുള്ളത്.
ഉപ്പുതൊട്ട് കര്‍പ്പൂരംവരെ ദ്വീപിലേക്ക് കയറ്റിപ്പോകുന്നത് ബേപ്പൂര്‍ തുറമുഖം വഴിയാണ്. ഭക്ഷ്യവസ്തുക്കളെല്ലാം കോഴിക്കോട് വലിയങ്ങാടിയില്‍ നിന്നാണ്. കെട്ടിട നിര്‍മാണ സാമഗ്രികള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്പ്പെടെയെത്തിക്കുന്നു. ദ്വീപുകാരുടെ പ്രധാന ഭക്ഷണമായ മാംസാഹാരത്തിനുള്ള കാലികളും ബേപ്പൂര്‍ തുറമുഖം വഴിയാണ് അയക്കുന്നത്.
ഇതെല്ലാം നിലച്ചാല്‍ കോടികളുടെ വ്യാപാര നഷ്ടമാണ് കോഴിക്കോടിനും മലബാറിനാകെയുമുണ്ടാകുക. ചരക്ക് കയറ്റുമതിയ്ക്കു പുറമെ ദ്വീപുകാര്‍ ചികിത്സക്കും, പഠനത്തിനും കോഴിക്കോടിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദ്വീപിലേക്കുള്ള കയറ്റുമതി നിലച്ചാല്‍ ബേപ്പൂര്‍ തുറമുഖത്തിനും കനത്ത തിരിച്ചടിയാകും.
കേന്ദ്ര സര്‍ക്കാരിന്റെ നിയമപ്രകാരം ഉരു മാര്‍ഗമുള്ള ചരക്കു കയറ്റിറക്കിന് വിലക്കുണ്ടെങ്കിലും ചൊവ്വാഴ്ചയും ‘എലി കല്‍പ്പേനി’ എന്ന ദ്വീപ് കപ്പല്‍ ബേപ്പൂരില്‍നിന്ന് ടണ്‍ കണക്കിന് ചരക്കുമായി കവരത്തിയിലേക്ക് പുറപ്പെട്ടു. ദ്വീപില്‍നിന്നെത്തിയ ‘ഒലിയ’ ഉരുവില്‍ നാളികേരവും കൊപ്രയും തുറമുഖത്തിറക്കി. ഇതെല്ലാം തകര്‍ക്കാനുള്ള അണിയറ നീക്കംകൂടിയാണിപ്പോള് ബിജെപി നേതൃത്വത്തില്‍ തുടരുന്നത്. അതേ സമയം നിലവില്‍ തുറമുഖം വഴിയുള്ള ചരക്കു കയറ്റുമതിക്ക് തടസ്സമില്ലെന്ന് വെസ്സല്‍ ചരക്കു കയറ്റുമതി ഏജന്റ് സുദര്ശന് പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്ത് 200 കയറ്റിറക്ക് തൊഴിലാളികളുണ്ട്.