തെളിവ് നശിപ്പിക്കാന്‍ വീടിന് തീയിട്ടു, ഒടുവിൽ കുടുങ്ങി; യുവാവിനെ കൊന്ന് പാറക്കുളത്തില്‍ തള്ളിയത് തെളിഞ്ഞു
കൊട്ടാരക്കര : അന്തമൺ പാറക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പുത്തൂർമുക്ക് തടത്തിൽ മനുഭവനിൽ എസ്.മനുരാജി(32)നെ കൊലപ്പെടുത്തിയ കേസിൽ പട്ടാഴി തെക്കേത്തേരി നരിക്കോട് പുത്തൻവീട്ടിൽ പൗലോസ് (71), കലയപുരം പാറവിള വിഷ്ണുഭവനിൽ മോഹനൻ (44) എന്നിവരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഭാര്യ അശ്വതിയുടെ വീടിനു സമീപം അന്തമണിൽ പാറക്കുളത്തിൽ മനുരാജിന്റെ മൃതദേഹം കണ്ടത്.
മനുരാജിനെ കാണാനില്ലെന്ന് ബന്ധുക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയതിന്റെ അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ സംശയമുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടുമാണ് അന്വേഷണം ബലപ്പെടുത്തിയതും കൊലപാതകമെന്നു കണ്ടെത്താനിടയാക്കിയതും.
പോലീസ് പറയുന്നത്: മനുരാജും പ്രതികളും സുഹൃത്തുക്കളും ഒന്നിച്ചു കൂലിപ്പണി ചെയ്യുന്നവരുമായിരുന്നു. ജനുവരി രണ്ടിന് ജോലിക്കുശേഷം പൗലോസിന്റെ വീട്ടിൽ ഒരുമിച്ചു മദ്യപിച്ച ഇവർ തമ്മിൽ മരക്കച്ചവടം നടത്തിയതിലെ പണത്തെച്ചൊല്ലി തർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലെത്തിയതോടെ പൗലോസ് മരക്കമ്പുകൊണ്ട് മനുരാജിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് മനുരാജ് മരിച്ചു. മൃതദേഹം രാത്രി പാറക്കുളത്തിൽ തള്ളി. ദിവസങ്ങൾക്കകം പൗലോസിന്റെ വീട് കത്തിനശിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻവേണ്ടി പൗലോസ് തന്നെ കത്തിച്ചതാണെന്നാണ് പോലീസിന്റെ സംശയം. ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.