ന്യൂനപക്ഷ ക്ഷേമത്തിന് പിന്നാലെ ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കും സി പി എം-സി പി ഐ ചർച്ച പുരോഗമിക്കുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പിന്നാലെ സി പി ഐ കൈകാര്യം ചെയ്യുന്ന ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച് സി പി എമ്മും സി പി ഐയും തമ്മിലെ ഉഭയകക്ഷി ചർച്ച അവസാന ഘട്ടത്തിലാണ്. തുടർച്ചയായ പ്രളയങ്ങൾക്ക് ശേഷം പ്രാധാന്യമുയർന്ന വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യു മന്ത്രിയുടെ അധികാരങ്ങൾ ദുർബലമാകും. വനം വകുപ്പിന് പിന്നാലെ ദുരന്ത നിവരണ വകുപ്പും വിട്ടുകൊടുക്കാൻ സി പി ഐ തയ്യാറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.ഒന്നാം പിണറായി സർക്കാരിൽ ദുരന്ത നിവാരണ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർക്കാൻ ആലോചനകൾ നടന്നിരുന്നു. അന്ന് സി പി ഐ നേതൃത്വത്തിന്റെ എതിർപ്പും ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീർണതകളുമാണ് തടസമായത്.ജില്ലകളിൽ കളക്ടർമാരാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അധികാര കേന്ദ്രം. പുതിയ മാറ്റങ്ങളിൽ റവന്യുമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ അവസരമൊരുങ്ങും. ഒന്നാം മന്ത്രിസഭയെക്കാൾ കൂടുതൽ വകുപ്പുകൾ ഏറ്റെടുത്ത് രണ്ടാമൂഴത്തിൽ കൂടുതൽ പിടിമുറുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.2005ലാണ് കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്ത് നിലവിൽ വന്നത്. ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേർത്ത് ചട്ടങ്ങൾ വന്നതോടെ തുടക്കം മുതൽ റവന്യു വകുപ്പുമായി ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. ഓഖി ചുഴലിക്കാറ്റിനും, 2018ലെയും 2019ലെയും പ്രളയങ്ങൾക്കും ശേഷം ദുരന്ത നിവാരണ വകുപ്പിന്റെ പ്രാധാന്യം കൂടുകയായിരുന്നു.പ്രകൃതി ക്ഷോഭങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കണം എന്ന അഭിപ്രായമാണ് സി പി എം മുന്നോട്ടുവയ്ക്കുന്നത്. സി പി എം -സി പി ഐ നേതൃത്വങ്ങൾ നടത്തിയ ചർച്ചകളിൽ കാര്യമായ വിയോജിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സൂചന.