ചെന്നൈ: തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ സ്വയംഭരണപദവി ഉറപ്പിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടി എൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നെയിലെ ആൾവാർപേട്ട് സെൻറ് മേരീസ് റോഡിലുള്ള വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വീട്ടിലെ ജോലിക്കാരാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ബസന്ത് നഗർ ബീച്ചിൽ.
1990 ഡിസംബർ 12 ന് ഇന്ത്യയുടെ 10ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റു. 1996 ഡിസംബർ 11 വരെ പദവിയിൽ തുടർന്നു. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡടക്കം നിരവധി തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവന്നു. കമീഷണറായിരിക്കെ അദ്ദേഹത്തിന്റെ നടപടികൾ പലതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. വരുമാനം തെറ്റായി രേഖപ്പെടുത്തിയതിനും പത്രികയിൽ തെറ്റായ വിവരങ്ങൾ ചേർത്തതിനും പതിനാലായിരത്തിലേറെ സ്ഥാനാർഥികളെ അയോഗ്യരാക്കി. ബിഹാറിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതടക്കമുള്ള തീരുമാനങ്ങൾ ഇംപീച്ച്മെന്റ് നടപടികളിലേക്കും എത്തിച്ചു.
1936 -ൽ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്റെ ജനനം. തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്നാണ് മുഴുവൻ പേര്. 1955 ബാച്ചിൽ തമിഴ്നാട് കേഡർ ഐഎഎസ് ഓഫീസർ. 1968 -ൽ ഹാർവാർഡ് സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം. 1989ൽ കാബിനറ്റ് സെക്രട്ടറിയായി. ആസൂത്രണ കമീഷൻ അംഗമായിരുന്നു. മഗ്സസെ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. ചെന്നൈ താമ്പ്രത്തുള്ള വൃദ്ധസദനത്തിലായിരുന്നു ടി എൻ ശേഷനും ഭാര്യയും താമസം. 2018ൽ ഭാര്യ ജയലക്ഷ്മി മരിച്ചതിനെ തുടർന്ന് ആൾവാർപേട്ടിലെ വീട്ടിലേക്ക് തിരിച്ചുവന്നു. ഒറ്റക്കായിരുന്നു താമസം.
ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ നടന്ന ‘ശേഷ’ ക്രിയകള്‍
*മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct) കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി
*അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി നല്കി
*തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചു
*നിരീക്ഷകരും മറ്റു കമ്മീഷന് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി
*സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ്
ശേഷന് നേരിട്ടിടപെട്ട് നിര്‍ത്തിച്ച ദുശ്ശീലങ്ങള്‍
*വോട്ടര്‍മാരെ പണം നല്കി സ്വാധീനിക്കല്‍/വിരട്ടല്‍
*തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം
*ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം
*ജാതി, മതം എന്നിവയുടെ പേരു പറഞ്ഞുള്ള പ്രചാരണം
*അമ്പലം, പള്ളി എന്നിവ കേന്ദ്രീകരിച്ചുള്ള പ്രചാരവേലകള്‍
*ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി