കുഴൽപ്പണം: ബിജെപി നേതാവിന്റെ ഡ്രൈവർ കസ്റ്റഡിയിൽ ; ആലപ്പുഴ ജില്ലാ ട്രഷററെ ഇന്ന് ചോദ്യം ചെയ്യും
പാലക്കാട്:കൊടകര മാതൃകയിൽ പാലക്കാട്ടും ബിജെപിയുടെ കുഴൽപ്പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ, ബിജെപി നേതാവിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘം പാലക്കാട്ടെത്തിയാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കുഴൽപ്പണ ഇടപാടിൽ പാലക്കാട്ടെ നേതാക്കളിലേക്കും അന്വേഷണം നീളും.
ഡ്രൈവറുടെ സന്ദേശം മറ്റൊരാൾക്ക് ലഭിച്ചതോടെയാണ് പാലക്കാട്ടെ പണം തട്ടൽ പദ്ധതി പാളിയത്. പൊലീസ് അന്വേഷണത്തിൽ പാലക്കാട്ടെ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. വടക്കഞ്ചേരി പന്തലാംപാടത്ത് വ്യാജ അപകടമുണ്ടാക്കിയാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. കർണാടകയിൽനിന്നാണ് പണം കൊണ്ടുവന്നത്. 25 ലക്ഷമാണ് തട്ടാൻ ശ്രമിച്ചതെന്നാണ് ഡ്രൈവർ പൊലീസിനോട് സമ്മതിച്ചത്. എന്നാൽ ഒന്നരക്കോടിയോളം രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.
ആലപ്പുഴ ജില്ലാ ട്രഷററെ
ഇന്ന് ചോദ്യം ചെയ്യും
തെരഞ്ഞെടുപ്പിനൊഴുക്കാൻ കടത്തിയ കുഴൽപ്പണം കവർന്നകേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ബുധനാഴ്ച ചോദ്യം ചെയ്യും. അന്വേഷക സംഘം ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുക. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെയും ഉടൻ ചോദ്യംചെയ്യും. പണം കർത്തയ്ക്ക് കൈമാറാൻ നിർദേശിച്ചിരുന്നതായി കേസിൽ അറസ്റ്റിലായ ധർമരാജന്റെ മൊഴിയെത്തുടർന്നാണ് അന്വേഷകസംഘം ചോദ്യം ചെയ്യുന്നത്. ധർമരാജനുമായി കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നു. കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.