കോവിഡ് പ്രതിരോധം: കാഞ്ഞങ്ങാട് നഗരസഭ 25 ലക്ഷത്തിന്റെ അലോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി
കാഞ്ഞങ്ങാട്:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധശേഷി വർധിപ്പിക്കാനുള്ള അലോപതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നിന്റെ ഒന്നാം ഘട്ട വിതരണം കാഞ്ഞങ്ങാട് നഗരസഭയിൽ ആരംഭിച്ചു. നഗരസഭ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആശുപത്രി സൂപ്രണ്ട് മുഖേനയാണ് മരുന്ന് വാങ്ങി കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രാഥമികാരോഗ്യകേന്ദ്രം വഴി മരുന്ന് വിതരണം നടത്തുന്നത്. ഓരോ വാർഡിലും ചുമതലപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നേഴ്സ്, ആശാ വർക്കർമാർ എന്നിവർ പ്രതിരോധ മരുന്നുമായി രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വീടുകളിലേക്ക് വരും ദിവസങ്ങളിൽ എത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അറിയിച്ചു. മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപെഴ്സൺ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ അഹമ്മദലി പി, കെ.വി സരസ്വതി, കെ.അനീശൻ, കെ.വി മായാകുമാരി, മുൻ ചെയർമാൻ വി.വി. രമേശൻ, കൗൺസിലർമാരായ കെ.കെ ജാഫർ, എൻ അശോക് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.പ്രകാശൻ, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് എന്നിവർ സംബന്ധിച്ചു.