കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആളെ കബളിപ്പിക്കപ്പെട്ടവര്‍ ഓടിച്ചിട്ട് പിടിച്ചു പൊലീസിലേല്‍പപ്പിച്ചു. ഓട്ടേറ വീസ തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്ലം കുളത്തുപ്പുഴ സ്വദേശി സജിന്‍ ഷെറഫുദ്ദീനെയാണ് ഓടിച്ചിട്ട് പിടികൂടിയത്. ആര്‍എസ്പി നേതാവായ ആര് ഷെറഫുദ്ദീന്റെ മകനായ സജിന്‍ എംപിമാരായ എന്‍കെ പ്രേമചന്ദ്രന്റെയും പികെകുഞ്ഞാലിക്കുട്ടിയുടെയും പേരിലാണ് ഒടുവില്‍ തട്ടിപ്പ് നടത്തിയത്.
പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച സജിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എന്‍ കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉടമസ്ഥതയില്‍ ഒമാനില്‍ കമ്ബനിയുണ്ടെന്നും അവിടെ ജോലി വാങ്ങി നല്‍കാമെന്നും പറഞ്ഞായിരുന്നു ഒടുവിലത്തെ തട്ടിപ്പ്. തിരുവനന്തപുരം ജില്ലക്കാരായ പതിനഞ്ചോളം യുവാക്കളില്‍ നിന്നു തമ്ബി എന്നു വിളിപ്പേരുള്ള സജിന്‍ ലക്ഷങ്ങള്‍ വാങ്ങി.
സന്ദര്‍ശക വീസ നല്കി യുവാക്കളെ ഒമാനില്‍ എത്തിച്ച ശേഷം കടന്നു കളഞ്ഞു. ജോലിയും ആഹാരവുമില്ലാതെ മാസങ്ങളോളം കഷ്ടപ്പെട്ട യുവാക്കള്‍ മലയാളി സംഘടനകളുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. പണം തിരികെ ആവശ്യപ്പെട്ട് കബളിക്കപ്പെട്ടവര്‍ ഇന്നു രാവിലെ വീടു വളഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും സജിന്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ യുവാക്കള്‍ ഇയാളെ പിടികൂടി.
കൊല്ലം തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സജിന്‍ ഷെറഫുദ്ദീനെതിരെ കേസുകളുണ്ട്. രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് പ്രതിയെ പൊലീസ് പതിവായി സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പേര് ദുരുപയോഗം ചെയ്തതിന് സജിന്‍ ഷെറഫുദ്ദീനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രേമചന്ദ്രന് എംപി അറിയിച്ചു.