കോവിഡ് സ്ഥിരീകരിച്ച ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വഷളായി, ആശുപത്രിയിലേക്ക് മാറ്റി
കൊല്‍ക്കത്ത: കോവിഡ് സ്ഥിരീകരിച്ച ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബുദ്ധദേബിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും ഭാര്യയ്ക്കും മെയ് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി. കാര്യമാത്രമായ പ്രശ്നങ്ങളില്ലാത്തതിനാല് ബുദ്ധദേബിന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍ ഓക്സിജന്‍ നിലയില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്. വര്‍ഷങ്ങളായി ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ ബുദ്ധദേബിനെ അലട്ടിയിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ മീര ഭട്ടാചാര്യയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ബുദ്ധദേബിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.