ഫാമിലിമാന് 2′ റിലീസ് ചെയ്യുന്നത് തടയണമെന്ന് കേന്ദ്രത്തോട് തമിഴ്നാട് ; തമിഴ് ജനതയെ അപമാനിക്കുന്നെന്ന് പരാതി
ചെന്നൈ: ആമസോണ്‍ പ്രൈമിലെ ഏറ്റവും പുതിയ വെബ്സീരിസിനെതിരേ പരാതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തമിഴ്നാട്. ശ്രീലങ്കന്‍ തമിഴരെ മോശമായി ചിത്രീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആമസോണിന്റെ പുതിയ വെബ്സീരീസ് ‘ഫാമിലിമാന് 2’ ന്റെ റിലീസിംഗ് നിര്‍ത്തി വെയ്ക്കണം എന്നാണ് ആവശ്യം. പരമ്പരയില്‍ അപലപനീയവും അനുയോജ്യമല്ലാത്തതും മോശമായതുമായ ആശയങ്ങള്‍ ഉണ്ടെന്നാണ് ആരോപണം.
സാമൂഹ്യ മാധ്യമങ്ങളില്‍ റിലീസ് ചെയ്തിരിക്കുന്ന പരമ്പരയുടെ ട്രെയിലര്‍ തന്നെ ശ്രീലങ്കന്‍ തമിഴരുടെ പോരാട്ട ചരിത്രത്തെ മോശമായി ചിത്രീകരിക്കാന്‍ ലക്ഷ്യമിടുന്നു എന്നത് വ്യക്തമാകുന്നെന്ന് തമിഴ്നാട് ഐടി മന്ത്രി ടി. മനോ തങ്കവേല്‍ ആരോപിച്ചു. ഇത് സംപ്രേഷണം ചെയ്യുന്നത് ശ്രീലങ്കന്‍ തമിഴരെ അപമാനിക്കുന്നതിന് പുറമേ തമിഴ്നാട്ടുകാരുടെ വികാരം ഹനിക്കുകയും സംസ്ഥാനത്തിന്റെ ഐക്യം തകര്‍ക്കുന്നതിന് കാരണമായി മാറുമെന്നും കേന്ദ്രഐടി മന്ത്രി പ്രകാശ് ജാവദേക്കറിന് നകിയിരിക്കുന്ന പരാതിയില്‍ പറയുന്നു.
സുദീര്‍ഘമായി നടന്ന ജനാധിപത്യ യുദ്ധത്തില്‍ ബലിയാക്കപ്പെട്ടവരെ ഹീനരാക്കി കാണിക്കാനും അതിലൂടെ തമിഴ്ജനതയുടെ സംസ്ക്കാരിക മൂല്യങ്ങളെ മോശമാക്കുന്നതുമാണ് പരമ്പരയെന്ന് പറയുന്നു. മഹത്തായ തമിഴ് സംസ്ക്കാരത്തെ അപമാനിക്കുന്ന കാര്യങ്ങള്‍ ആവോളം പരമ്പരയില്‍ ഉണ്ടെന്നും പറയുന്നു. സീരിയലില്‍ തമിഴ് സംസാരിക്കുന്ന സാമന്തയുടെ കഥാപാത്രം തീവ്രവാദിയാണ്. ലോകത്തുടനീളമുള്ള തമിഴ് ജനത അവരുടെ സാംസ്ക്കാരിക മൂല്യങ്ങളെ അപമാനിക്കുന്നത് സഹിക്കുകയില്ലെന്നും മനോ തംഗരാജ് പറയുന്നു.
പരമ്പരയുടെ ട്രെയിലര്‍ തന്നെ നേരത്തേ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും പരമ്പരയെ അപലപിച്ചിരുന്നു. അന്തസ്സ്, തുല്യത, നീതി, സമാധാനം തുടങ്ങിയവ രുചിക്കാന്‍ ദശകങ്ങളോളമാണ് തങ്ങളുടെ ലങ്കന്‍ തമിഴരായ സഹോദരങ്ങള്‍ പോരാടിയത്. അത്തരം ഒരു വലിയ പ്രസ്ഥാനത്തിനെതിരേയുള്ള ആമസോണ്‍ പ്രൈമിന്റെ മോശക്കാരാക്കിയുള്ള പ്രചരണത്തെ ഇന്ത്യന്‍ നിര്‍മ്മിതിയില്‍ പങ്കാളികളായ ഇതര രാജ്യങ്ങളിലുമുളള തമിഴര്‍ എതിര്‍ക്കണമെന്നും തംഗരാജ് പറഞ്ഞു.