ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിരിച്ചടി: അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥലംമാറ്റം തടഞ്ഞു, ദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി
കൊച്ചി :ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിരിച്ചടി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി. കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി നടപടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് തിരിച്ചടിയായിരിക്കുകയാണ്.
പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ നടപടി. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണമെന്ന് പാര്‍ലമെന്റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഡ്മിനിട്രേറ്ററുടെ നടപടികള്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കമുളളവര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.