മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂപവത്കരണത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയോട് മന്ത്രിസഭ രൂപീകരിക്കാനുള്ള സന്നദ്ധതഗവര്ണര്ഭഗത് സിങ് കോശിയാരി ആരാഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് 7.30നകം ശിവസേന തീരുമാനമറിയിക്കണമെന്ന് ഗവര്‍ണറുടെ ഓഫിസ് നിര്‍ദേശിച്ചു.
288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. 105 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പിയുമായി സഖ്യത്തില്‍ മത്സരിച്ച ശിവസേനക്ക് ഒമ്ബതു സ്വതന്ത്രര്‍ അടക്കം 65 പേരുണ്ട്. സഖ്യമായി മത്സരിച്ച എന്‍.സി.പിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമാണുള്ളത്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതോടെ ശിവസേനയോട് ഉപാധികള്‍വെച്ച് എന്‍.സി.പി. എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിക്കാതെ ചര്‍ച്ചക്കില്ലെന്ന് എന്‍.സി.പി വ്യക്തമാക്കി. ശിവസേന കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും എന്‍.സി.പി ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര മന്ത്രിസഭയിലുള്ള അരവിന്ദ് സാവന്ത് രാജിവെക്കാന്‍ സന്നന്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാരിയെ അറിയിക്കുകയായിരുന്നു.കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബി.ജെ.പി പറഞ്ഞിരുന്നു. ശിവസേന ജനവിധിയെ അപമാനിച്ചുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. അതേസമയം, മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തുമെന്ന് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചിരുന്നു. മലാദിലെ റിസോട്ടിലെത്തി സേനാ എം.എല്‍.എമാരെ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.