ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി; ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു
ഇടുക്കി: ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തു. സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സതീഷ് എന്നിവർക്കെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
ഇടുക്കി ചേലച്ചുവട് സി.എസ്.ഐ. ആശുപത്രിയിലെ ഡോ. അനൂപിനെ സന്തോഷും മറ്റുള്ളവരും ചേർന്ന് മർദിച്ചെന്നാണ് പരാതി. ആശുപത്രിയിലെത്തിയ ഇവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യംചെയ്തതിനാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു. മർദനത്തിനിരയായ ഡോ. അനൂപ് തങ്കമണിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നും ഇത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നും സൗമ്യയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെവെച്ച് ഡോ. അനൂപ് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.