പിണറായി വിജയൻ പാർട്ടിയെ നിയന്ത്രിക്കുന്നെന്ന ആരോപണം തെറ്റ്; വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മയെന്ന് യെച്ചൂരി
ന്യൂഡൽഹി: പിണറായി വിജയൻ പാർട്ടിയെ നിയന്ത്രിക്കുന്നെന്ന് ആരോപിക്കുന്നവർ സി പി എമ്മിന്റെ ഘടന അറിയാത്തവരെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈക്കമാൻഡ് സംസ്കാരം അംഗീകരിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഇത് തന്നെയാണ് ഭൂരിഭാഗം പാർട്ടികളുടെയും രീതി. എന്നാൽ സി പി എമ്മിന്റേത് തീർത്തും വ്യത്യസ്തമായ ഒന്നാണ്. വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു.സി പി എമ്മിൽ ജനറൽ സെക്രട്ടറിയുടെ നിലപാട് തന്നെ പലതവണ ഭൂരിപക്ഷ അഭിപ്രായത്തിൽ തള്ളപ്പെട്ടിട്ടുണ്ട്. ജനറൽ സെക്രട്ടറിയായിരുന്ന സുർജീത് സിംഗിന്റെ പിന്തുണ ഉണ്ടായിട്ട് കൂടി ജ്യോതി ബസു പ്രധാനമന്ത്രിയായില്ല. ഇതിനു കാരണം പാർട്ടിയിലെ ഭൂരിപക്ഷ നിലപാടാണ്. പാർട്ടി എന്താണെന്ന് മനസിലാകാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടെന്ന തീരുമാനം സംസ്ഥാന കമ്മിറ്റിയാണ് എടുത്തത്. ഇത് ഐക്യകണ്ഠേനയെടുത്ത തീരുമാനമാണ്. ശൈലജയ്ക്ക് ഇളവ് നൽകിയിരുന്നെങ്കിൽ മറ്റുള്ളവർക്കും നൽകേണ്ടി വരുമായിരുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ബി ജെ പിക്ക് എതിരായാണ് ഭൂരിഭാഗം പേരും വോട്ട് ചെയ്തത്. ബി ജെ പിക്കെതിരെ കൂടുതൽ ജയസാദ്ധ്യതയുള്ളവരെ ജനം പിന്തുണച്ചു. ബംഗാളിൽ ശരിക്കുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. സി പി എം പുതുമുഖങ്ങളേയും പുതുരക്തങ്ങളെയുമാണ് പാർട്ടി സ്ഥാനാർത്ഥികളാക്കിയത്. അവർ തന്നെയാണ് പാർട്ടിയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.