കോട്ടയം : തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് യു.ഡി.എഫ് അണികളില്‍ ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ കയ്യടി വാങ്ങാനാണ് പി.ജെ ജോസഫ് ശ്രമിക്കുന്നതെന്ന് കോട്ടയത്ത് ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാര സമിതി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിനെതിരായി ജനരോക്ഷം ആളികത്തുന്ന വിഷയങ്ങളില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്ന ജോസഫ് ഇടതുപക്ഷത്തെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പിലാക്കുന്നത്. ഉപതെരെഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് യു.ഡി.എഫ് നേതൃത്വം വിലക്കിയിട്ടും വ്യക്തിഹത്യയും വിലകുറഞ്ഞ പ്രസ്താവനകളും നടത്തുന്ന ജോസഫ് സഹായിക്കുന്നത് രാഷ്ട്രീയ ശത്രുക്കളെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി താഴെതട്ട് വരെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്കി. ജില്ലാതലത്തിലും നിയോജകമണ്ഡലം തലത്തിലും വിപുലമായ പ്രവര്‍ത്തന കണ്‍വന്‍ഷനുകള്‍ ചേരും. വിവിധ കാര്‍ഷിക വിഷയങ്ങള്‍ ഏറ്റെടുത്ത്കൊണ്ട് ഇടുക്കി, കോട്ടയം ജില്ലകളില്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട പരിപാടികള്‍ക്കും പാര്‍ട്ടി രൂപം നല്കി. ജോസ് കെ.മാണി എം.പി, തോമസ് ചാഴിക്കാടന് എം.പി, റോഷി അഗസ്റ്റിന് എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു
ജോസ് കെ.മാണി എം.പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
കഴിഞ്ഞ കുറെ ദിവസങ്ങളായി ബഹുമാന്യനായ ശ്രീ. പി.ജെ ജോസഫ് എന്നെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായി കണ്ടു. ക്രൂരമായ പരിഹാസവും തികച്ചും വ്യക്തിപരമായ ആക്ഷേപങ്ങളും ആവര്‍ത്തിക്കപ്പെടുമ്പോഴും അതേ നാണയത്തില്‍ ഞാന്‍ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ സ്വീകരിക്കുന്ന നിലപാടുകളും അതിനെതിരായി ഉയരുന്ന വിമര്‍ശനങ്ങളും വ്യക്തിനിഷ്ഠമല്ല എന്നതാണ് എന്റെ സമീപനം. വിമര്‍ശനങ്ങളുയര്‍ത്തുമ്പോള്‍ അത് ഒരാളെയും വേദനിപ്പിക്കുന്നതും വിലകുറഞ്ഞതുമാകരുതെന്ന എന്ന പാഠമാണ് മാണി സാര്‍ നമുക്ക് നല്‍കിയിട്ടുള്ളത്. ഞാന്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കട്ടെ എന്റെ നിലപാടുകളുടെ അടിത്തറ രാഷ്ട്രീയമാണ്. എന്നെ ശ്രീ. പി.ജെ ജോസഫിന് എത്ര വേണമെങ്കിലും പരിഹസിക്കാം. വ്രണപ്പെടുത്താന്‍ ശ്രമിക്കാം. ഒരു പ്രതികരണം കൊണ്ടും ഞാന്‍ അദ്ദേഹത്തെ അപമാനിക്കില്ല. എന്റെ നിശബ്ദത നിസ്സഹായതയോ, ദൗര്‍ബല്യമോ അല്ല. മാണി സാര്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയത്തെ കുതന്ത്രങ്ങള്‍ക്ക് കൊണ്ട് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിന് എതിരായി കരുത്തോടെ തന്നെ നിലകൊള്ളും. വിയോജിപ്പുകള്‍ വ്യക്തിപരമല്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട് തന്നെ …