കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും മുഖ്യമന്ത്രി
തിരുവനന്തപുരം: അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനുള്ള നടപടികള്‍ സംബന്ധിച്ച് പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് വാക്സിന് ലഭ്യമാകുന്നില്ലെന്ന പ്രശ്നം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍ 84 ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. രണ്ടാം ഡോസ് കിട്ടാത്തതുമൂലം വിദേശത്തെ ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത്തരം ആളുകള്‍ക്ക് വാക്സിന് നല്‍കുന്നതിന് സൗകര്യം ഒരുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്സിന് വിദേശത്ത് അംഗീകാരമില്ല. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഡബ്ല്യൂഎച്ച്ഒയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും. ബാങ്ക് ജീവനക്കാരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കും.
വാക്സിനുകളുടെ ദൗര്‍ലഭ്യം മൂലം വേഗതയില്‍ വാക്സിനേഷന് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. 45 മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഈ വിഭാഗത്തില്‍ നമ്മുടെ കൈയ്യിലുള്ള വാക്സിന് തീര്‍ന്നിട്ട് കുറേ നാളായി. കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടിരിക്കുകയാണ്.
വാക്സിനുകള്‍ വാങ്ങുന്നതിന് വിവിധ സര്‍ക്കാരുകള്‍ ടെണ്ടര്‍ വിളിക്കുകയും ഒരുപാട് ആവശ്യക്കാര്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ വാക്സിന് വില കൂടാന്‍ സാധ്യതയുണ്ട്. രാജ്യത്ത് മൊത്തം ആവശ്യമായി വരുന്ന വാക്സിന് കണക്കാക്കുകയും അതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ വിളിക്കുകയും ചെയ്യുക എന്നതാണ് വില ഉയരാതിരിക്കാനുള്ള മാര്‍ഗം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ സൗജന്യമായി നല്കി എല്ലാവരും വാക്സിന് എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.