തൈക്കടപ്പുറത്ത് മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷന് കേന്ദ്രത്തിന് വിട്ടു നല്കി വിശ്രമമുറിയുള്പ്പടെവിപുലമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്
നീലേശ്വരം:നീലേശ്വരം നഗരസഭ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോവിഡ് വാക്സിനേഷൻ സെൻറർ വിപുലീകരണത്തിൻറെ ഭാഗമായി കൂടുതൽ സൗകര്യപ്രദമായ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. വാക്സിനേഷൻ എടുത്തവർക്കുള്ള വിശ്രമ മുറി ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വാക്സിനേഷൻ കേന്ദ്രം കൂടുതൽ സൗകര്യപ്രദമായ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹികൾ മദ്രസ കെട്ടിടം ഈ ആവശ്യത്തിനു വേണ്ടി വിട്ടു തരാൻ തയ്യാറായി മുന്നോട്ട് വന്നത്.
മദ്രസ കെട്ടിടത്തിൻറെ താക്കോൽ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അനീഫ ഹാജി നഗരസഭാ വൈസ്ചെയർമാൻ പി.പി.മുഹമ്മദ്റാഫിക്ക് കൈമാറി. ചടങ്ങിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി. ലത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. അൻവർ സാദിഖ്, കെ.വി. ശശികുമാർ, വി. അബൂബക്കർ, പി.കെ. ലത, മെഡിക്കൽ ഓഫീസർ ഡോ. ശാരദ, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എ. ഷാഫി, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.