തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തില്‍ ആഭ്യന്തരകലഹം രൂക്ഷമായതോടെ നാളെ ചേരാനിരുന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് വിളിച്ചു ചേര്‍ത്ത യോഗമാണ് നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമായതോടെ മാറ്റിവച്ചതെന്നാണ് സൂചന. പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതോടെയാണ് അധ്യക്ഷ പദവിയില്‍ ഒഴിവ് വന്നത്.
ആര്‍എസ്എസിന്റെ കടുത്ത എതിര്‍പ്പാണ് ഭിന്നത രൂക്ഷമാക്കിയത്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിര്‍ദേശിച്ച കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമഘട്ടത്തില്‍ കുമ്മനത്തെ വെട്ടി എസ് സുരേഷിനെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍എസ്എസിനുണ്ടായ അതൃപ്തി പ്രചാരണത്തിലും പ്രകടമായിരുന്നു. എസ് സുരേഷിന്റെ പ്രചരണ പരിപാടികളില്‍ നിന്ന് ആര്‍എസ്എസ് വിട്ടുനില്‍ക്കുകയും ചെയ്തു. സുരേഷിന് തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണ രണ്ടാമതായിരുന്ന ബിജെപി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ ബി എല്‍ സന്തോഷുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ആര്‍എസ്എസ്. ഈ നിലപാടിനെ ഒരുവിഭാഗം ബിജെപി നേതാക്കളും പിന്തുണച്ചു. തുടര്‍ന്നാണ് നാളത്തെ യോഗം മാറ്റിയത്.