കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ പിടിമുറുക്കുന്നു
ചികിത്സ കിട്ടാതെ രോഗികള്‍ വലയുന്നു
500ലധികം പേരിലാണ് ഇതുവരെ രോഗം കണ്ടെത്തിയത്
ബംഗളൂരു: കോവിഡ് വ്യാപനത്തിനിടെ ആശങ്ക ഉയര്‍ത്തി കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ പിടിമുറുക്കുന്നു. സംസ്ഥാനത്താകെ 500ലധികം പേരിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എത്രപേര്‍ക്ക് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചുവെന്ന കൃത്യമായ കണക്ക് ലഭിക്കാത്തതും ചികിത്സക്കുള്ള മരുന്നിന്റെയും ആശുപത്രി കിടക്കയുടെയും ലഭ്യതക്കുറവും ആശങ്ക ഉയര്‍ത്തുകയാണ്. ബംഗളൂരു നഗരത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഏറെ പ്രതിസന്ധിയുണ്ടാക്കുന്നത്. നഗരത്തില്‍ മാത്രം 250ലധികം പേര്‍ക്ക് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, യഥാര്‍ഥത്തില്‍ ബംഗളൂരുവില്‍ മാത്രം 400ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കോവിഡ് രോഗമുക്തി നേടിയവരിലാണ് കൂടുതലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം നഗരത്തില്‍ കോവിഡ് രോഗബാധിതര്‍ അല്ലാത്ത രണ്ടുപേരിലും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മാത്രം ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ഒമ്പതുപേര്‍ മരിച്ചതില്‍ മൂന്നുപേര്‍ ബംഗളൂരുവിലാണ്. മൈസൂരു, മംഗളൂരു, ഉഡുപ്പി, ഹുബ്ബള്ളി, കലബുറഗി, ഹാസന് എന്നീ ജില്ലകളിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാര്‍വാഡില്‍ മാത്രം 18ഓളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള ചികിത്സക്കായി കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആംഫോടെറിസിന്‍ ബി 20,000 വയല്‍ മരുന്നാണ് ആവശ്യപ്പെട്ടതെങ്കിലും, 1270 വയല്‍ മരുന്ന് മാത്രമാണ് നല്‍കിയത്. ഇതിനാല്‍തന്നെ രോഗികള്‍ക്ക് ചികിത്സ നല്കാന് കഴിയാത്ത സാഹചര്യമാണുള്ളത്. ഓക്സിജന്‍ കോണ്സ്ട്രേറ്ററുകളിലും മറ്റും ഉപയോഗിക്കുന്നത് പൈപ്പ് വെള്ളമായതിനാലും ഫംഗസ് ബാധക്ക് സാധ്യതയുണ്ടെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് അഭിപ്രായപ്പെട്ടത്. കോവിഡ് ബാധിച്ച പ്രമേഹരോഗികളിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്.