കേരളത്തിലെ കുട്ടികൾക്ക് ഇത്തവണ കേന്ദ്രം നൽകുക 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യം; പാചകത്തൊഴിലാളികൾക്കുളള കൂലിയും വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് കരുതലും പിന്തുണയുമായി കേന്ദ്ര സഹായം. ആകെ സംസ്ഥാനത്തിന് പദ്ധതി പ്രകാരം ലഭിക്കുക 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ്. ഒപ്പം 251.35 കോടി രൂപയുടെ കേന്ദ്ര വിഹിതവും ലഭിക്കും. ഈ തുക ഉൾപ്പെടുത്തി ഒപ്പം ഭക്ഷ്യധാന്യത്തിന്റെ കടത്തുകൂലി, പാചകത്തൊഴിലാളികൾക്കുളള ഓണറേറിയം എന്നിവ വർദ്ധിപ്പിച്ചതും ചേർത്താകുമ്പോൾ ഇത്തവണ സംസ്ഥാന ബഡ്ജറ്റിൽ 526 കോടി രൂപയാണ് ഉച്ചഭക്ഷണ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.മുൻപ് പദ്ധതിയിലുൾപ്പെട്ട 27 ലക്ഷം വിദ്യാർത്ഥികൾക്കായി സൗജന്യ ഭക്ഷ്യകിറ്റ് സെപ്തംബർ മാസത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപ വകയിരുത്തിയ ഇതിന് കേന്ദ്ര സഹായവുമുണ്ടായിരുന്നു.സംസ്ഥാനത്തിന്റെ നിർബന്ധിത വിഹിതമായ 394.15 കോടിയുടെ പദ്ധതി അടങ്കലും സംസ്ഥാനം സമർപ്പിച്ച വാർഷിക വർക്ക് പ്ലാൻ, ബഡ്ജറ്റ് പ്രൊപ്പോസലുകൾ എന്നിവ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസവും സാക്ഷരത വകുപ്പ് സെക്രട്ടറി അനിത കാർവാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം അപ്പ്രൂവൽ ബോർഡ് യോഗം അംഗീകരിച്ചു.സംസ്ഥാനത്തിന് വേണ്ടി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ബഡ്ജറ്റ് അവതരിപ്പിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബു, അഡിഷണൽ ഡയറക്ടർ സി.എ. സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.