15ാം നിയമസഭാ ആദ്യസമ്മേളനം ഇന്ന് മുതൽ : എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി
ജൂൺ നാലിന് പുതിയ സർക്കാരിന്റെ ബജറ്റ്
തിരുവനന്തപുരം> 15‐മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി.രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.പ്രോടേം സ്പീക്കര്‍ പിടിഎ റഹീം ആണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത്.ആദ്യം വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൾ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയിൽ 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്.മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് കന്നടയിലാണ് സത്യപ്രതിജഞചെയ്തത്.
സത്യപ്രതിജ്ഞക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതായി വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന സര്‍ട്ടിഫിക്കറ്റ് എഎല്‍എമാര്‍ നിയമസഭാ സെക്രട്ടറിക്ക് കൈമാറണം.ഒപ്പം, കക്ഷിനേതാക്കള്‍ തങ്ങളുടെ കക്ഷിയിലെ അംഗങ്ങളുടെ എണ്ണവും മറ്റുവിവരങ്ങളും സെക്രട്ടറിക്കു നല്‍കണം. കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയില്‍ ഉള്ളതാണിത്. മുതിര്‍ന്ന അംഗങ്ങള്ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം അക്ഷരമാലക്രമത്തിലായിരിക്കും ഇരിപ്പിടം. അതേസമയം മന്ത്രിമാര്‍ക്ക് അവര്‍ക്കായി മാറ്റിവച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ ലഭിക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അംഗങ്ങള്‍ സഭാ രജിസ്ട്രറില്‍ ഒപ്പുവെച്ചശേഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങണം. സത്യപ്രതിജ്ഞക്ക് ശേഷം സഭഇന്ന് പിരിയും.
ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. പി സി വിഷ്ണുനാഥാണ് യുഡിഎഫ് സ്ഥാനാർഥി. തുടർന്ന്, ജൂൺ 14 വരെ സഭാ സമ്മേളനം. 28ന് പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നിർവഹിക്കും. മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിൽ ചർച്ചയും മൂന്നിന് സർക്കാർ കാര്യവുമാകും.അംഗങ്ങൾക്ക് രാഷ്ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.
ജൂൺ നാലിന് പുതിയ സർക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ബജറ്റ് ചർച്ച. പത്തിന് ബജറ്റും 11ന് വോട്ടോൺ അക്കൗണ്ടും പാസാക്കും. കലണ്ടർ പ്രകാരം 14 വരെ സമയമുണ്ടെങ്കിലും 11ന് സഭാ സമ്മേളനം പിരിഞ്ഞേക്കും.