പണം വേണ്ട, ആവശ്യമുള്ളത് എടുക്കാം; ലോക്ക്ഡൗണില്‍ കുടുംബങ്ങള്‍ക്ക്
പലചരക്ക് കടയുമായി
സി.പി.ഐ.എം.
എറണാകുളം: ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടിലായ യൂണിവേഴ്സിറ്റി കോളനിയിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സി.പി.ഐ.എം ബ്രാഞ്ചിന്റെ പലചരക്ക് കട. കാഷ്യറും പണപ്പെട്ടിയുമില്ല, സാധനങ്ങള്‍ സൗജന്യമായി വങ്ങാം എന്നതാണ് പലചരക്കു കടയുടെ പ്രത്യേകത.
കോളനിയിലെ റേഷന്‍കടക്കവലയില്‍ ഒരുക്കിയ സ്റ്റാളിലാണ് നിത്യോപയോഗ സാധനങ്ങളുടെ കട ഒരുക്കിയത്. കടയില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ എടുക്കാന്‍ സാധിക്കും.
സ്റ്റാളില്‍ അരി, മസാലകള്‍, തേയില, പഞ്ചസാര, ചെറുപയര്‍, കടല, പരിപ്പ്, വെളിച്ചെണ്ണ, പാമോയില്‍, സവാള, ഉരുളക്കിഴങ്ങ്, ആട്ട, മൈദ, സേമിയ, മുട്ട, പാല്, പച്ചക്കറിയിനങ്ങള്‍, ചക്ക, മാങ്ങ, സോപ്പ് തുടങ്ങിയ എല്ലാവിധ അവശ്യ സാധനങ്ങളുമുണ്ട്.
600ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് യൂണിവേഴ്സിറ്റി കോളനി. നഗരസഭയിലെ ജനസാന്ദ്രത കൂടിയ പ്രദേശവുമാണ്.
75ഓളം കുടുംബങ്ങള്‍ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകേണ്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ 20 പേര്‍ക്ക് മാത്രമായിരിക്കും സാധനങ്ങള്‍ എടുക്കാന്‍ സാധിക്കുകയെന്ന് ബ്രാഞ്ച് സെക്രട്ടറി കെ. എസ് സലിം പറഞ്ഞു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന 30 വരെ സ്റ്റാള്‍ പ്രവര്‍ത്തിക്കും.
സുമനസുകളുടെ സഹായത്താലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റാള്‍ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോഷി പാദുവ ഉദ്ഘാടനം ചെയ്തു.