കാസർകോട്ടും ബ്ലാക്ക് ഫംഗസെന്ന് സംശയം, കാഞ്ഞങ്ങാട്ട് നിന്ന് ഒരാളെ പരിയാരത്തേക്ക് മാറ്റി
കാഞ്ഞങ്ങാട്: ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപോർട്ട് ചെയ്തതായി സൂചന. 70 വയസ് പ്രായമുള്ള പുരുഷനെയാണ് ബ്ലാക്ക് ഫംഗസ് എന്ന് സംശയിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
ഇദ്ദേഹത്തിൻ്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കണ്ണിന് ചുറ്റുമോ മൂക്കിന് ചുറ്റുമോ ഉള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലർന്ന ഛർദ്ദി, മാനസികാവസ്ഥയിലുള്ള മാറ്റം എന്നിവയാണ് ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന ലക്ഷണങ്ങൾ.
സൈനസൈറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലർന്നുള്ള മൂക്കൊലിപ്പ്, കവിൾ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കിൽ നീർവീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കിൽ അണ്ണാക്കിന് മുകളിൽ കറുത്ത നിറം, പല്ലുകൾക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങൽ, ഇരട്ടക്കാഴ്ച, ധമനികളിൽ രക്തം കട്ടപിടിക്കൽ, കോശമരണം, തൊലിക്ക് കേടുവരൽ, നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. സംസ്ഥാനത്ത് 35 ലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എറണാകുളത്തും ഉണ്ടായ ആറ് മരണങ്ങളും ബ്ലാക്ക് ഫംഗസ് മൂലമെന്നാണ് സംശയിക്കുന്നത്.