പോലീസ് പിടിച്ചെടുത്ത കാറിൽ നിന്നു 4.9 കി.ഗ്രാം സ്വർണം കാണാതായെന്ന് പരാതി,പോലീസിനുള്ളിലെ കള്ളനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി,നാല് പോലീസുകാർക്ക് സ്ഥലം മാറ്റം.
മംഗ്ലൂരു :പോലീസ് കസ്റ്റഡിയിൽ എടുത്ത കാറിനുള്ളിൽ ഉടമ രഹസ്യമായി ഒളിപ്പിച്ചുവെച്ച 4.9 കിലോഗ്രാം സ്വർണം കാണാതായി. ദക്ഷിണ കന്നഡ ജില്ലയിലെ യമകനാമരടി പോലീസ് സ്റ്റേഷനിലാണ് പോലീസുകാർക്ക് നാണക്കേടുണ്ടാക്കിയ മോഷണം നടന്നത്. രണ്ടര കോടി രൂപയുടെ സ്വർണമാണ് കാണാതായതാത്. ഉടമ നൽകിയ പരാതിയെ തുടർന്ന് ക്രിമിനൽ അന്വേഷണ വകുപ്പ് (സിഐഡി) അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉന്നതതല പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന സംശയം ബലപ്പെട്ടു വരികയാണ്.
ദക്ഷിണ കർണാടക റേഞ്ച് ഇൻസ്പെക്ടർ ജനറൽ പോലീസ് രാഘവേന്ദ്ര സുഹാസിന്റെ നിർദേശപ്രകാരം ജനുവരി 9 ന് മംഗളൂരുവിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന മംഗളൂരു സ്വദേശി ഓടിച്ചിരുന്ന എർട്ടിഗ കാർ യമകനാമരടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് നടന്ന വാഹന പരിശോധനയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് കാറിന്റെ എയർബാഗുകൾക്കുള്ളിൽ രഹസ്യ അറകൾ സൃഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് കാർ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പക്ഷെ കാറിന്റെ എയർബാഗുകൾക്കുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് അന്ന് പോലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2021 മാർച്ചിന് കസ്റ്റഡിയിലെടുത്ത കാറിന്റെ ഗ്ലാസിൽ വിള്ളലുകൾ ഉള്ളതായി സബ് ഇൻസ്പെക്ടർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചിരുന്നു. ഡി വൈഎസ്പിയുടെ നിർദ്ദേശപ്രകാരം വിള്ളലുള്ള പഴയ ഗ്ലാസ് മാറ്റി പുതിയ ഗ്ലാസ് പോലീസിൻറെ നേതൃത്വത്തിൽ അന്ന് പുനസ്ഥാപിച്ചിരുന്നു. ഈ സമയത്ത് ആകാം സ്വർണം കാണാതായതെന്ന് സിഐഡി ഉദ്യോഗസ്ഥർ സംശയിക്കുന്നുത്. അതേസമയം കാർ ഉടമ ഒരു ഇടനിലക്കാരനുമായി ബന്ധപ്പെടുകയും കാർ വിട്ടയക്കാൻ 30 ലക്ഷം രൂപക്ക് കരാർ ഉറപ്പിക്കുകയും ഇതിൽ 25 ലക്ഷം രൂപ മുൻകൂറായി കൈമാറിയതായി പറയപ്പെടുന്നു. ഏപ്രിൽ 16 ന് കാർ കസ്റ്റഡിയിൽ നിന്നും വിട്ടു നൽകാൻ കോടതി ഉത്തരവ് നൽകിയതിനെ തുടർന്ന് കാർ എടുക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ഉടമ വാഹനം പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായ വിവരം അറിയുന്നത്. ഇതേതുടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകി. തൻറെ കാറിൽ നിന്നും സ്വർണം മോഷ്ടിച്ചത് പോലീസ് ആണെന്നണ് പരാതിയിൽ പറയുന്നു. മാത്രമല്ല ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായും സംശയിക്കുന്നതായും പരാതിയിലുണ്ട്. സംഭവത്തെ തുടർന്ന് ബെലഗവി നോർത്ത് റേഞ്ച് ഇൻസ്പെക്ടർ ജനറൽ, രാഘവേന്ദ്ര സുഹാസ്, ഗോകക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ജാവേദ് ഇനാംദാർ, ഹുക്കേരി സർക്കിൾ പോലീസ് ഇൻസ്പെക്ടർ, യമകനമരടി പോലീസ് സബ് ഇൻസ്പെക്ടർ രമേശ് പാട്ടീൽ എന്നിവരെ കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയെങ്കിലും സ്വർണത്തെ കുറിച്ചുള്ള ഒരു തുമ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. അതേസമയം കാറിൽ സ്വർണ്ണം ഉണ്ടായിരുന്നതായി അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പരാതിക്കാരൻ പോലീസിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് അനധികൃതമായി സ്വർണം കടത്തിയതിന് കാർ ഉടമ അന്വേഷണം നേരിടേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.