ബിജെപി അകപ്പെട്ട കൊടകര കുഴല്‍പ്പണക്കേസ്: നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല,
പോലീസിന് കൂടുതൽ തെളിവുകൾ കിട്ടി
തൃശൂർ :കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഹാജരാകാന്‍ കഴിയില്ലെന്ന വിവരം ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറില്‍നിന്ന് മൂന്നരക്കോടി കവര്‍ന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന നേതാക്കളോട് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. മൂന്നര കോടി രൂപ എവിടെ നിന്ന് ആർക്ക് കൊണ്ടു പോവുകയാണെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്.
ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരിയെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ജില്ല ട്രഷറർ സുജയ് സേനനെയും പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ബന്ധമില്ലെന്നാണ് മൂന്നുപേരും മൊഴി നൽകിയത്. എന്നാൽ, ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നൽകിയിട്ടുണ്ട്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ സംഘടന ചുമതലയുള്ള മധ്യമേഖല സെക്രട്ടറിയാണ് കാശിനാഥൻ. ഈ ജില്ലകളിൽ ഫണ്ട് വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക മധ്യമേഖല സെക്രട്ടറിയാണ്. കവർച്ച സംഭവത്തിന് തലേദിവസം കാശിനാഥൻ തൃശൂരിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്ന സൂചനയും ലഭിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തൃശൂരിൽ കേന്ദ്രീകരിച്ചത്.
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ െവച്ച് ഒരു സംഘം തട്ടിയെടുത്തത് എന്നാണ് ആരോപണം. തൃശൂരിലെത്തി പണം ജില്ല നേതാക്കൾക്ക് കൈമാറിയെന്ന് ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ മൊഴി നൽകിയിരുന്നു. ഇതേകുറിച്ചുള്ള വ്യക്തതയാണ് ഹരിയിൽ നിന്നും സുജയ് സേനനിൽ നിന്നും തേടിയത്.
കർണാടകയിൽ നിന്ന് എത്തിയ പണം എവിടേക്കാണ് കൊടുത്തയച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ കേസിൽ നിർണായക വിവരം പുറത്തു വരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.