ഓൺലൈൻ മദ്യവില്പന ; തീരുമാനം പിന്നീട് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി ചെയ്യേണ്ടെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ . മുൻപ് ഓൺലൈനിലൂടെ ബുക്ക് ചെയ്ത് വീട്ടിലേക്ക് വരുത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനു കൃത്യമായ ഒരു തീരുമാനം എടുത്ത ശേഷമേ വില്പന ആരംഭിക്കൂ എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഇതിനായി മന്ത്രി ബവ്കോ എംഡിയുമായി ചര്‍ച്ച നടത്തി. ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഹോം ഡെലിവറി നടത്തണമെങ്കിൽ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. കാരണം, ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓൺലൈൻ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചാൽ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതിൽ കൂടുതൽ അളവ് മദ്യം കൈവശം വയ്ക്കേണ്ടിവരും.
മദ്യത്തിന്റെ കാര്യമായതിനാൽ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക. സാധാരണ നിലയിൽ ബെവ്കോ എംഡിയുടെ മുന്നിൽ ഒരു കമ്പനിയുടെ അപേക്ഷ എത്തിയാൽ അത് എക്സൈസ് കമ്മിഷണർക്കു കൈമാറും. കമ്മിഷണർ കാര്യങ്ങൾ വിശദമാക്കി എക്സൈസ് മന്ത്രിക്കു ശുപാർശ സമർപ്പിക്കും. തുടർന്ന് ചട്ടത്തിലാണ് ഭേദഗതി വരുത്തേണ്ടതെങ്കിൽ മന്ത്രിതലത്തിൽ തീരുമാനമെടുക്കുകയും ചെയ്യും.