കുതിപ്പിനൊരുങ്ങി ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനം,ഇനി അഞ്ചു കൊല്ലത്തിനകം നീലേശ്വരം ടോട്ടൽ മാറും
നീലേശ്വരം:നീലേശ്വരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് അടുത്ത അഞ്ചുവർഷത്തിനകം യാഥാർഥ്യമാവാൻ പോകുന്നത്. മുൻ എൽഡിഎഫ് ഭരണസമിതി തുടക്കമിട്ട പദ്ധതികളാണ് ഇതിൽ മിക്കതും. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന പ്രധാന റോഡായ രാജാ റോഡ് വികസിക്കുന്നതോടെ നഗരത്തിന് പുതിയ പ്രൗഢി കൈവരും. അതിന്റെ പ്രവർത്തനത്തിന് തുടക്കമായി. ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന നീലേശ്വരത്തെ അതിന്റെ തനിമയയിൽ നിലനിർത്തിയുള്ള വികസനമാണ് നടക്കുക. എം രാജഗോപാലൻ എംഎൽഎയുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണസമിതി നേതൃത്വത്തിൽ വികസന പ്രവർത്തനം നടന്നു വരുന്നത്.
നഗരസഭ കാര്യാലയത്തിന്റെ പുതിയ കെട്ടിടം, പാലായി ഷട്ടർ കം ബ്രിഡ്ജ്ജ്, ഇ എം എസ് സ്മാരക സ്റ്റേഡിയം എന്നിവ ഏതാണ്ട് പൂർത്തിയായി. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, കച്ചേരിക്കടവ് പാലവും ബൈപാസ് റോഡും, ബസ്സ്റ്റാൻഡ് ആൻഡ് ഷോപ്പിങ് കോംപ്ലക്സ് എന്നിവ നിർമാണത്തിലിരിക്കുന്ന പദ്ധതികളാണ്.
രാജപാത
പുതിയ പകിട്ടിലേക്ക്
രാജാറോഡിന്റെ വികസനത്തിന് കഴിഞ്ഞ ഭരണസമിതിയാണ് തുടക്കം കുറിച്ചത്. സർവെ നടപടികളുടെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന ജോലി പൂർത്തിയായി. ഇനി ഏറ്റെടുക്കേണ്ട സ്ഥലം കണക്കാക്കണം. സാമൂഹികാഘാത പഠനവും നടത്തണം. ഭൂവുടമകൾക്കായുള്ള അദാലത്ത് നടത്തി രേഖ പരിശോധിക്കണം. നഷ്ടപരിഹാരവും നിശ്ചയിക്കണം. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ ടെൻഡർ നടപടി ആരംഭിക്കും.
ദേശീയപാതയോരത്ത് നീലേശ്വരം മാർക്കറ്റ് ജങ്ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ മേൽപ്പാലം വരെ 1.300 കി.മീ. നീളത്തിൽ 14 മീറ്റർ വീതിയിലാണ് ആധുനിക റോഡ് നിർമിക്കുക. ഓവുചാൽ, നടപ്പാത, ഡിവൈഡർ, തെരുവുവിളക്ക് എന്നിവയുണ്ടാവും. 16.25 കോടിയാണ് നിർമാണ ചിലവ്. റോഡ് യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാകുകയും വ്യാപാര മേഖലയിൽ വലിയ കുതിപ്പുണ്ടാകുകയുംചെയ്യും.
നഗരസഭയ്ക്ക്
ആധുനിക കെട്ടിടം
നഗരസഭ ഓഫീസിന് കച്ചേരിക്കടവിൽ നിർമിക്കുന്ന ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 7 കോടി 90 ലക്ഷം രൂപ ചിലവിലാണ് നിർമാണം. ഈ സാമ്പത്തിക വർഷം തന്നെ അതിന്റെ പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 14 കോടി രൂപ ചിലവിൽ നഗരസഭാ പുതിയ ബസ്സ്റ്റാൻഡ് കെട്ടിടവും നിർമിക്കും.
ഇ എം എസ് സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കഴിഞ്ഞു. പാലായി ഷട്ടർ കം ബ്രിഡ്ജ് ഉദ്ഘാടനത്തിന് സജ്ജമായി നിൽക്കുകയാണ്.
കോട്ടപ്പുറത്ത്
ഹൗസ് ബോട്ട് ടെർമിനൽ
കോട്ടപ്പുറത്ത് ഹൗസ് ബോട്ട് ടെർമിനലിന്റെ പൈലിങ് പ്രവൃത്തി നടന്നു വരുന്നു. എട്ട് കോടി രൂപയാണ് നിർമാണ ചെലവ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഉൾനാടൻ ജല ഗതാഗതവകുപ്പിനാണ് നിർമാണ ചുമതല. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മിനി സ്റ്റേഷൻ, തളിയിൽ അമ്പലം റോഡ്, കോട്ടപ്പുറം- മാട്ടുമ്മൽ റോഡ് പാലം, മുണ്ടേമാട് റോഡ് പാലം എന്നിവയും യാഥാർഥ്യമായാൽ നീലേശ്വരത്ത് വൻ കുതിപ്പുണ്ടാവും. പദ്ധതികൾ ഉടൻ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനം നടന്നുവരികയാണെന്ന് ചെയർമാൻ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി എന്നിവർ പറഞ്ഞു.