അലോപ്പതി മരുന്നിനെതിരെ വിവാദ പ്രസ്താവന; മാപ്പു പറയണമെന്നാവശ്യപ്പെട്ടു ഐഎംഎ ബാബ രാംദേവിനു നോട്ടിസ് നൽകി
ന്യൂഡൽഹി : അലോപ്പതി ചികിത്സക്കെതിരെ ബാബ രാംദേവ് നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) നോട്ടീസ് നൽകി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഐഎംഎ നോട്ടിസ് നൽകിയത്.
കോവിഡ് രോഗികളിൽ ചികിത്സ കിട്ടാതെ മരിച്ചവരെക്കാൾ കൂടുതലാണ് അലോപ്പതി ചികിത്സ മൂലം മരിച്ചവർ എന്നായിരുന്നു പ്രസ്താവന. എന്നാൽ പതഞ്ജലി ഗ്രൂപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചു. വിഡിയോ എഡിറ്റ് ചെയ്തതാണെന്നും പരിപാടിയിൽ പങ്കെടുത്ത മറ്റംഗങ്ങൾക്കും ലഭിച്ച ഫോർവേർഡ് വാട്സാപ് സന്ദേശം വായിച്ചതാണെന്നും പതഞ്ജലി ഗ്രൂപ്പ് വ്യക്തമാക്കി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നതിന് രാംദേവിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കണമെന്നും ഐഎംഎ നേരത്തെ പറഞ്ഞിരുന്നു. പതഞ്ജലി ഗ്രൂപ്പ് കോറോണക്കെതിരായി കൊറോണിൻ എന്ന മരുന്ന് പുറത്തിറക്കിയിരുന്നു. ഇത് കേന്ദ്ര മന്ത്രി ഹർഷ് വർധനും നിതിൻ ഗഡ്കരിയും ചേർന്നാണ് പുറത്തിറക്കിയത്.