അന്വേഷണ സംഘത്തെ വഴിതെറ്റിച്ച് അഞ്ജലി,
വീടുവിട്ട പുല്ലൂർ പൊള്ളക്കട യുവതിയെ
കണ്ടെത്താനാകാതെ പോലീസ്,
21കാരിയുടെ തിരോധാനം അപസർപ്പക നോവലുകളെ വെല്ലുന്നത്
സ്പെഷ്യൽ റിപ്പോർട്ട് : സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ. അഞ്ജലി (21) യുടെ തിരോധാനത്തിൽ അന്വേഷണം വഴിമുട്ടി.
കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടുന്ന് ഹൈദ്രാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ വീടുവിട്ട് ഇതുവരെ ദീർഘ ദൂര യാത്രകളെന്നും ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു. ചെന്നൈയിലേയും ബംഗളൂരുവിലെയും സിസിടിവി ദൃശ്യങ്ങളിൽ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. അഞ്ജലി എന്തിനാണ് നാടുവിട്ടത്…..? ആരാണ് അവൾ പറഞ്ഞ ആ “ഇക്ക” . ? എവിടെയ്ക്കാണ് അഞ്ജലി പോയത് ? എല്ലാം ദുരൂഹമായി തടരുന്നു.
.എന്നാൽ സ്വതവേ ശാന്തശീലയും ഉന്മുഖയുമായ അഞ്ജലിയുടെ ജീവിത കഥയറിഞ്ഞാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താം
മൂന്ന് മക്കളുള്ള ശ്രീധരൻ്റെ രണ്ടാമത്തെ മകളാണ് അഞ്ജലി.മൂത്തമകൾ വിവാഹിതയാണ്.
ഇളയത് ആൺ കുട്ടി. നന്നേ ചെറുപ്പത്തിൽ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേൽപ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി വളർത്തിയത് പുല്ലൂരിലുള്ള മാതാപിതാക്കളെ ഇടയ്ക്ക് സന്ദർശിക്കുമെങ്കിലും അഞ്ജലിയ്ക്ക് എല്ലാമെല്ലാം മൂത്തമ്മയാണ് . ഇതിലൂടെ വീട്ടുകാരോട് മനസിൽ ഉറച്ച അകൽച്ച രൂപപ്പെടുകയായിരുന്നു.ഇത് അഞ്ജലി വീട് വിടുന്നതിന് മുൻപ് എഴുതിയ കത്തിലും വ്യക്തമാണ്.
കോളേജിൽ പഠിക്കുന്ന കാലത്താണ് മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നത്.സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ അകൗണ്ടുള്ള അഞ്ജലി തൻ്റെ ഒറ്റപ്പെടലിൻ്റെ ഭാരം മുഴുവൻ ഇറക്കി വെച്ചത് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലാണ് സൗഹൃദങ്ങളിലേറെയും ആൺകുട്ടികളായിരുന്നു. സുഹൃദങ്ങളിൽ പലതും പ്രണയവും സൗഹൃദവും ഇടകലർന്നതായിരുന്നുവെന്ന് അവളുടെ സുഹൃദ വലയം തന്നെ തെളിയിക്കുന്നു. പലരേയും വഴിയിൽ വെച്ച് ഉപേക്ഷിച്ച അഞ്ജലി മറ്റുള്ളവരുടെ വേദനയിൽ സന്തോഷിച്ചിരുന്നോ എന്ന് സംശയിക്കേണ്ടായിരിക്കുന്നു.
ഇതിനിടെ ഏറെ വൈകുന്നതുവരെ മൊബൈൽ ചാറ്റിംഗ് നടത്തുന്ന അഞ്ജലിയെ മൂത്തമ്മ ശകാരിച്ചു. ഇതിനെ തുടർന്ന് അഞ്ജലി നടത്തിയ ആത്മഹത്യാ ശ്രമത്തെ തുടർന്നാണ് ആറു മാസങ്ങൾക്ക് മുൻപ് പുല്ലൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടുവിടുന്നത്.
ഇതിനിടയിൽ വീട്ടുകാർ പല വിവാഹാലോചനകളും അഞ്ജലിക്കായി നടത്തിയെങ്കിലും എല്ലാം നിരസിക്കുകയായിരുന്നു. വീട്ടിൽ മൊബൈൽ മാത്രം കൂട്ടുപിടിച്ച് ഒറ്റയ്ക്കിരുന്ന അഞ്ജലി പലതവണ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വിവരം.തുടർന്ന് ജില്ലാശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു.
കടുത്ത മാനസിക സമ്മർദ്ദവും നിരാശയും അവളെ ഈ ലോകത്തോട് മൊത്തം വെറുപ്പു ളവാക്കിയതായി അഞ്ജലിയുടെ കത്തിൽ പരാമർശിക്കുന്നുണ്ട്. ഏപ്രിൽ 25 ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് 19 ന് അഞ്ജലി നാടുവിട്ടുന്നത്
അഞ്ജലിയുടെ യാത്രാ വഴികൾ പരിശോധിച്ചാൽ മനസിലാവും. വെറുക്കപ്പെട്ട ലോകത്തോടുള്ള പ്രതികാരമെന്നോണമാണ് ഈ തിരോധാനമെന്ന്
യാത്രകൾ വളരെ പ്ലാൻ ചെയ്തും കൃത്യതയോടെയുമാണെന്ന് കാണാം.19 ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അഞ്ജലി വീട് വിട്ടിറങ്ങുന്നത്.അന്ന് തന്നെ ചെന്നൈ മംഗലാപുരം എക്സ്പ്രസിൽ ചെണൈയിലേക്ക് യാത്രതിരിക്കുന്നു ‘പുലർച്ചെ ചെന്നൈ റെയിൽവേസ്റ്റേഷനിൽ വണ്ടിയിറങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന അഞ്ജലിയെ സി.സി ടി വി ദൃശ്യങ്ങളിൽ കാണാം. ഇതിന് മുൻപ് മൂകാംബികയിലേക്ക് കുടുംബസമേതം സഞ്ചരിച്ചതല്ലാതെ അഞ്ജലിയ്ക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ചെന്നൈയിലെത്തിയ അഞ്ജലി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ നിന്നും പുതിയ സിം കാർഡെടുക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചറിയൽ രേഖ നൽകാത്തതിനാൽ സാധിച്ചില്ല.തുടർന്ന് തൻ്റെ മൊബൈൽ ഫോൺ അതേ കടയിൽ വിൽക്കുകയായിരുന്നു. തുടർന്ന് 20-ാം തിയ്യതി രാത്രി തന്നെ ബംഗളൂരുവിലേക്ക് വണ്ടി കയറി. 21 ന് ബംഗളൂരുവിലെത്തിയതായി റെയിൽവേ സ്റ്റേഷൻ സി.സി ടി.വി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഈ സമയത്തെല്ലാം അന്വേഷണം കാസർകോട്ടും ഉദുമയും കേന്ദ്രീകരിച്ച് നടക്കുകയായിരുന്നു കാസർകോട്ട് പെർളടുക്കം ഉദുമയിലെ പള്ളിക്കര എന്നിവിടങ്ങളിൽ “ഇക്ക” യെ തിരയുകയായിരുന്നു അന്വേഷണ സംഘം. അഞ്ജലിയുടെ തിരോധാനം ഒരു ലൗ ജിഹാദാക്കി ഉയർത്തി കൊണ്ടു വരാൻ ചില കേന്ദ്രങ്ങൾ നടത്തിയ ശ്രമമായിരുന്നു അന്വേഷണം വഴിതെറ്റാൻ കാരണമായത്.ഇതിനിടെ ചെന്നൈയിൽ അഞ്ജലി വിറ്റമൊബൈൽ ഫോൺ മറ്റൊരാ
ൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അന്വേഷണം യഥാർത്ഥ വഴിക്ക് നീങ്ങിയത്. ഏപ്രിൽ അവസാന വാരമാണ് സൈബർ സെൽ മൊബൈൽ ലൊക്കേഷൻ കണ്ടെത്തുന്നത്. തുടർന്ന് അമ്പലത്തറ പോലീസ് ചെന്നൈയിലേക്ക് പോയി . പിന്നീട് ബംഗളൂരുവിലേക്കും ഹൈദ്രാബാദിലേക്കും അഞ്ജലിയെ പിന്തുടർന്ന അന്വേഷണ സംഘത്തെ അഞ്ജലി സമർത്ഥമായി കുഴക്കി എന്നു വേണം പറയാൻ .21 ന് ബംഗളൂരുവിൽ നിന്ന് ഹൈദ്രാബാദിലേക്ക് അഞ്ജലി ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയെങ്കിലും ടി.ടി ആർ രജിസ്റ്ററിൽ അങ്ങനെയൊരാൾ യാത്ര ചെയ്തതായി രേഖകളില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വഴിയിലെവിടേയാണ് അഞ്ജലിയിറങ്ങിയത്. അല്ല മറ്റാരുടെയെങ്കിലും കൂടെ പോയോ….! വലിയ സുഹൃദങ്ങൾ സൃഷ്ടിച്ചിരുന്ന അഞ്ജലി അവരുടെ ആരുടെയെങ്കിലും കൂടെ പോയൊ? അന്വേഷണം അവിടെയെത്തി നിൽക്കുന്നു. വളരെ സമർത്ഥമായിട്ടായിരുന്നു അഞ്ജലിയുടെ യാത്രകൾ. യാത്രയ്ക്ക് തിരഞ്ഞെടുത്തത് മുഴുവൻ രാത്രി വണ്ടികൾ. അതു കൊണ്ട് തന്നെ എവിടെയും മുറിയെടുത്ത് താമസിച്ചിട്ടില്ല. പിൻതുടരുന്നവർക്ക് പിടികൊടുക്കാതെ അവൾ എവിടേക്കാണ് പോയത്. അന്വേഷണം ഊർജ്ജിതമാക്കുമെന്നാണ് അമ്പലത്തറ പോലീസ് ഐ.പി വ്യക്തമാക്കുന്നത്
അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പറയുമ്പോഴും അഞ്ജലിയെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിക്കാതെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. ഏപ്രിൽ 19ന് ഉച്ചയ്ക്ക് 1.30 മുതൽ കാണാനില്ലെന്ന പരാതിയിൽ അമ്പലത്തറ പോലീസാണ് ഐപി രാജീവൻ വലിയവളപ്പിലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ഏപ്രിൽ 19ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ് പരാതി. വെളുത്ത നിറം, ഉയരം 167 സെ.മീ. കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയാണ് വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.
യുവതിയെ കണ്ടുകിട്ടുന്നവർ അടുത്തുളള പോലീസ് സ്റ്റേഷനിലോ അമ്പലത്തറ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അന്വേഷണ മേധാവി അറിച്ചു ഫോൺ: 04672 243200, 9497947275