തിരുവനന്തപുരം: അയോദ്ധ്യകേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്ധ്വാനിക്കെതിരെയാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. മസ്ജിദ് തകര്‍ത്ത പ്രവൃത്തിയില്‍ നിന്നും നിങ്ങള്‍ കുറ്റവിമുക്തി നേടിയിട്ടില്ലെന്നാണ് മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
‘സോറി അദ്ധ്വാനിജീ, മസ്ജിദ് തകര്‍ത്ത പ്രവൃത്തിയില്‍ നിന്ന് നിങ്ങള്‍ കുറ്റവിമുക്തി നേടിയിട്ടില്ല. മസ്ജിദ് തകര്‍ത്തതു കുറ്റകരമാണെന്നാണ് സുപ്രീംകോടതി വിധി. നിങ്ങളിപ്പോഴും കുറ്റപത്രത്തില്‍ കുറ്റവാളിയാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നാണ് നിയമം പറയുന്നത്.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ധ്വാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. അയോദ്ധ്യയിലെ രാമജന്മ ഭൂമിയില്‍ ക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്കാന് അവസരം തനിക്ക് ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടാ’യെന്നും അദ്ധ്വാനി പറഞ്ഞു.
അയോദ്ധ്യയില്‍ നൂറ്റാണ്ടുകളായി ഇരു മതവിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം തീര്‍പ്പാക്കി 1045 പേജുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക്ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരുടെ ബെഞ്ചാണ് നാല്‍പ്പത് ദിവസം വാദം കേട്ട് വിധി പറഞ്ഞത്. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം നിര്‍മ്മിക്കാം. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാവും ഇതിന്റെ ചുമതല. അതേസമയം, ബാബ്റി പള്ളി കര്‍സേവകര്‍ തകര്‍ത്തത് ഗുരുതരമായ നിയമലംഘനമെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരമായി അയോദ്ധ്യയില്‍ തന്നെ പ്രധാന സ്ഥലത്ത് പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ സ്ഥലം നല്‍കാനും ഉത്തരവിട്ടു. വിധി ഏകകണ്ഠമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി