കടലില്‍ പോകാന്‍ നിരോധനമുണ്ടായിരുന്നിട്ടും മീന്‍ സുലഭം; മത്തി വില കുതിക്കുന്നു, കിലോ 400 വരെ, പകുതിയിലേറെയും പഴകിയവയെന്ന് ആക്ഷേപം, കോഴിവില താഴ്ന്ന് 95-ലെത്തി
കോട്ടയം: കടലില്‍ പോകുന്നതിനു ദിവസങ്ങളോളം നിരോധനമുണ്ടായിരുന്നിട്ടും വിപണിയില്‍ മത്സ്യത്തിനു കുറവില്ല. കടകളിലും ചില്ലറ വില്‍പ്പനയ്ക്കുമെല്ലാം തരാതരം മീനുകളുണ്ട്. എന്നാല്‍, മീന്‍ കിട്ടാനില്ലെന്ന പേരില്‍ ലോക്ഡൗണ്‍ ആരംഭിച്ച ശേഷം വില കുത്തനെ ഉയര്‍ന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മീനാണ് ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്നത്. ലഭിക്കുന്ന മീന്‍ പകുതിയിലേറെയും പഴകിയവയാണെന്നു ജനം പറയുന്നു.
ജനപ്രിയ ഇനമായ മത്തിയുടെയു അയലയുടെയുമൊക്കെ വില കണ്ട് അന്തം വിടുകയാണു ജനങ്ങള്‍. മത്തി വില പലയിടങ്ങളിലും 300 കടന്നു 400 വരെയെത്തി. അയല 300 രൂപയ്ക്കടുത്താണ്. കിളിമീനിനും വില 200 രൂപയിലെത്തി. വലിയ മീനുകള്‍ക്കും ഇതേ രീതിയില്‍ വിലക്കയറ്റമുണ്ട്. 280- 300 രൂപയായിരുന്ന തളയുടെ വില 350 കടന്നു. കേരയുടെ വിലയിലും 30 മുതല്‍ 50 രൂപയുടെ വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണു നിലവില്‍ മീന്‍ കൂടുതലായെത്തുന്നത്. വലിയ ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുന്ന മീനുകളാണു ഇവിടെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. എന്നാല്‍, പലയിടങ്ങളിലും വില്ക്കുന്നതു ഗുണമേന്മ കുറഞ്ഞ അഴുകിത്തുടങ്ങിയ മീനാണെന്ന് ആക്ഷേപമുണ്ട്.
മഴ ശക്തമായതിനെത്തുടര്‍ന്നു കായല്‍ മീനുകളും വിപണിയില്‍ സജീവമാണെങ്കിലും ഡിമാന്റ് കൂടിയതോടെ വിലയും കൂടി. കാരി, പള്ളത്തി തുടങ്ങിയവയ്ക്കെല്ലാം വില ഉയര്‍ന്നു നില്‍ക്കുകയാണ്. പുതുവെള്ളം വരവിനെത്തുടര്‍ന്നു ഏറ്റവും കൂടുതലായി കിട്ടുന്ന പുല്ലന് മീനിനു പോലും 150 രൂപയ്ക്കാണു വില്‍ക്കുന്നത്. ഫാമുകളിലെ വളര്‍ത്തു മത്സ്യങ്ങളുടെയും ശരാശരി വില 200 കടന്നു.
ഉണക്ക മീന്‍ വിപണിയിലും വില ഉയര്‍ന്നു നില്‍ക്കുകയാണ്. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം എല്ലാ ഇനങ്ങള്‍ക്കും കുറഞ്ഞത് 50 രൂപയുടെയെങ്കിലും വര്‍ധനയുണ്ടായെന്നു വ്യാപാരികള്‍ പറയുന്നു. തുണ്ടം മീനിന്റെ വില പലയിടങ്ങളിലും അഞ്ഞുറിനടുത്തെത്തി.
തിരണ്ടിയ്ക്ക് 350 രൂപയായി. നങ്കിന്റെ വില 200 രൂപയില്‍ നിന്നു 300 രൂപയായി. മറ്റു ചെറുമീനുകളുടെയെല്ലാം ശരാശരി വില 200 രൂപയ്ക്ക് അടുത്താണ്.
എന്നാല്‍ മീൻ വില കുത്തനെ കൂടിയപ്പോൾ കോഴി ഇറച്ചിയുടെ വില കുത്തനെ കുറഞ്ഞു. ഇന്നലത്തെ കോഴി ഇറച്ചി വില കിലോയ്ക്ക് 95 രൂപയായിരുന്നു.