ബോർഡ്-കോർപ്പറേഷനുകളിലും ‘പുതുമുഖ’ പരീക്ഷണത്തിന് സി.പി.എം.
തിരുവനന്തപുരം: മന്ത്രിസഭയിൽ വരുത്തിയ പരിഷ്കാരത്തിന്റെ മാതൃക ബോർഡ്-കോർപ്പറേഷനുകളിലും കൊണ്ടുവരാൻ സി.പി.എം. ആലോചിക്കുന്നു. ഭരണം മാറുമ്പോൾ ബോർഡുകളിലും കോർപ്പറേഷനുകളിലും സാധാരണ മാറ്റമുണ്ടാകാറുണ്ട്. എന്നാൽ, ഭരണത്തുടർച്ചയുണ്ടായ ഘട്ടത്തിൽ വേണമെങ്കിൽ നിലവിലെ സമിതികൾക്കും ചെയർമാന്മാർക്കും തുടരാവുന്നതാണ്. അത്തരം തുടർച്ച വേണ്ടെന്നാണ് ധാരണ.
വകുപ്പുകൾ പലതും മാറിയതിനാൽ, അതത് വകുപ്പുകൾക്കു കീഴിലെ ബോർഡുകളിലും കോർപ്പറേഷനുകളിലും സ്വാഭാവികമായ മാറ്റമുണ്ടാകും. ഘടകകക്ഷികൾക്ക് അനുവദിക്കുന്ന പദവികൾക്കനുസരിച്ചായിരിക്കും ഇത്. സി.പി.എമ്മിനു ലഭിക്കുന്ന ബോർഡുകളും കോർപ്പറേഷനുകളും ഏറെയുണ്ട്. ഇവയിലെല്ലാം തലപ്പത്ത് മാറ്റമുണ്ടാകും. ഓരോ ഭരണസമിതിയുടെയും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാറ്റംവരുത്താമെന്നതാണ് ഇപ്പോഴത്തെ നിലപാട്.
ഉയർന്ന ശമ്പളവും മറ്റ് അനൂകൂല്യങ്ങളും ലഭിക്കുന്ന പദവികളിൽ ഇളവുണ്ടാകില്ല. പുതിയ പാർട്ടി അംഗങ്ങൾക്ക് അവസരം നൽകാമെന്നാണ് ധാരണ.
സർക്കാർ രൂപവത്കരണത്തിനുശേഷം മാസങ്ങൾ കഴിഞ്ഞാണ് പല ബോർഡുകളും പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ, തിടുക്കപ്പെട്ട് ഇപ്പോൾ തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നാണ് തീരുമാനം. എന്നാൽ, ചില സ്ഥാപനങ്ങളിൽ കാലാവധി നിശ്ചയിക്കാത്ത ചെയർമാൻ പദവികളുമുണ്ട്. ഇവയുടെ കാര്യത്തിലാകും ആദ്യം തീരുമാനമെടുക്കുക. ഇതിൽ അഞ്ചുവർഷമെങ്കിലും തുടർന്നവരെ മാറ്റും.
വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളിലും കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് അധ്യക്ഷപദവിയിൽ മാറ്റമുണ്ടാകും.
പേഴ്സണൽ സ്റ്റാഫിൽ പാർട്ടി നിയന്ത്രണം
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടി നിയന്ത്രണം വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടിയിൽനിന്നുള്ളവരാകും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം കെ. സജീവനെയും മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി വി.പി.പി. മുസ്തഫയെയും നിയമിക്കാനാണ് ധാരണ.
സി.പി.എമ്മിലെ മറ്റു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമനവും പരമാവധി പാർട്ടിയിൽനിന്നാകും. സംസ്ഥാനകമ്മിറ്റി-ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ കാര്യശേഷിയും മന്ത്രിമാരുടെ വകുപ്പുകളിൽ അറിവുമുള്ളവരെയാകും നിയമിക്കുക. കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ഭാഗമായി പ്രവർത്തിച്ച പരിചയം വി.പി.പി. മുസ്തഫയ്ക്കുണ്ട്. അതാണ് തദ്ദേശവകുപ്പ് മന്ത്രിയുടെ സ്റ്റാഫിലേക്ക് പരിഗണിക്കാൻ കാരണം.
പേഴ്സണൽ സ്റ്റാഫിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ‘പാർട്ടി’ പരിഗണനയുണ്ടാകും. സർക്കാർ സർവീസിൽനിന്ന് മന്ത്രിയുടെ സ്റ്റാഫിലേക്ക് വരുന്നവർക്ക് 51 വയസ്സ് കഴിയരുതെന്ന നിബന്ധന കൊണ്ടുവന്നു.